ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം വൈകും; സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മരണശേഷം പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ഗവര്‍ണര്‍ എന്‍ എന്‍ വോഹ്‌റയ്ക്കാണ് സംസ്ഥാനത്തിന്റെ താല്‍ക്കാലിക ഭരണച്ചുമതല. ഗവര്‍ണര്‍ ഭരണത്തിനായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു.
സംസ്ഥാനത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത് വൈകും. മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചതിനെ തുടര്‍ന്ന് പിഡിപി നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തിന്റെ മകള്‍ മെഹബൂബ മുഫ്തിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തിരുന്നു. ഇക്കാര്യം ഗവര്‍ണറെയും അറിയിച്ചിരുന്നു. എന്നാല്‍, പിതാവ് മരിച്ചതിനാല്‍ മെഹബൂബ ദുഃഖാചരണത്തിലാണ്. നാലു ദിവസത്തെ ദുഃഖാചരണം ഇന്നാണ് അവസാനിക്കുന്നത്. മന്ത്രിസഭാ രൂപീകരണം വൈകുന്നത് സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സഖ്യകക്ഷിയായ ബിജെപി ചില വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് അഭ്യൂഹം.
പിഡിപി-ബിജെപി സഖ്യം യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ഇതുസംബന്ധിച്ച് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി എംഎല്‍എമാരുമായി രാംമാധവ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മെഹബൂബയുടെ സ്വന്തം തീരുമാനപ്രകാരമാണ് സത്യപ്രതിജ്ഞ വൈകുന്നതെന്ന് പിഡിപി നേതാവ് നയിം അക്തര്‍ പറഞ്ഞു. പിഡിപിയും ബിജെപിയും തമ്മില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഇരു പാര്‍ട്ടികളും തള്ളി. സര്‍ക്കാര്‍ രൂപീകരണത്തിന് പുതിയ ഉപാധികളൊന്നും തങ്ങള്‍ മുന്നോട്ടുവച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ ശര്‍മ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണറില്‍നിന്നു തനിക്ക് കത്ത് കിട്ടിയിട്ടുണ്ട്. എന്നാല്‍, മുഫ്തിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണം തീര്‍ന്ന ശേഷമേ പാര്‍ട്ടി തീരുമാനമെടുക്കുകയുള്ളൂ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിടുക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it