ജമ്മുകശ്മീരില്‍ മെഹബൂബ മുഫ്തി അധികാരമേറ്റു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി അധികാരമേറ്റു. രാജ്ഭവനില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ പിഡിപി-ബിജെപി സര്‍ക്കാരിന്റെ ഭാഗമായ മറ്റ് 23 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നിയമസഭാകക്ഷി നേതാവ് നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയായി. ഗവര്‍ണര്‍ എന്‍ എന്‍ വോറ സത്യവാചകം ചൊല്ലിക്കൊടുത്തു. ജമ്മുകശ്മീരിന്റെ 13ാമത് മുഖ്യമന്ത്രിയാണ് മെഹബൂബ.
17 കാബിനറ്റ് മന്ത്രിമാരും ആറു സഹമന്ത്രിമാരുമാണ് ചുമതലയേറ്റത്. കാബിനറ്റില്‍ ഒമ്പതുപേര്‍ പിഡിപി പ്രതിനിധികളും എട്ടുപേര്‍ ബിജെപി അംഗങ്ങളുമാണ്. അബ്ദുല്‍റഹ്മാന്‍ വീരി, ഗുലാംനബി ലോണ്‍, അബ്ദുല്‍ ഹഖ്ഖാന്‍, ബഷാറത് ബുഖാരി, ഹസീസ് ദ്രാബു, ചൗധരി സുല്‍ഫിക്കര്‍ അലി, നയീം അക്തര്‍, ഇമ്രാന്‍ അന്‍സാരി എന്നിവരാണ് പിഡിപിയുടെ കാബിനറ്റ് മന്ത്രിമാര്‍. നിര്‍മല്‍ സിങ്, ചന്ദേര്‍ പ്രകാശ്, ബാലി ഭഗത്, ലാല്‍ സിങ്, സജ്ജാദ് ലോണ്‍, ചെറിങ് ഡോര്‍ജെ, അബ്ദുല്‍ ഗനി കോഹ്‌ലി, ശ്യാംലാല്‍ ചൗധരി എന്നിവര്‍ ബിജെപി കാബിനറ്റ് മന്ത്രിമാരും. അയേഷ നഖാഷ്, സഹൂര്‍ മിര്‍, ഫാറൂഖ് അന്ദറാബി (പിഡിപി), സുനില്‍കുമാര്‍ ശര്‍മ, പ്രിയ സേഥി, അജയ്‌നന്ദ (ബിജെപി) എന്നിവരാണ് സഹമന്ത്രിമാര്‍.
മുഫ്തി മുഹമ്മദ് സയ്യിദ് മന്ത്രിസഭയിലെ പിഡിപി അംഗങ്ങളായിരുന്ന സയ്യിദ് അല്‍താഫ് ബുഖാരി, ജാവേദ് മുസ്തഫ, മുഹമ്മദ് അശ്‌റഫ് മിര്‍, അബ്ദുല്‍ മാജിദ് പദാര്‍ എന്നിവരെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. സഹൂര്‍ മിര്‍, ഫാറൂഖ് അന്ദറാബി എന്നിവരാണ് പിഡിപിയില്‍നിന്നുള്ള പുതുമുഖങ്ങള്‍.
കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ചൗധരി സുഖാന്ദന്‍, പവന്‍ ഗുപ്ത എന്നിവരെ ബിജെപിയും മാറ്റി. പകരം ചന്ദേര്‍ പ്രകാശ്, അജയ് നന്ദ എന്നിവരാണ് പുതിയ മന്ത്രിസഭയിലെത്തിയത്. മുഫ്തി മുഹമ്മദ് സയ്യിദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിക്കൊടുവിലാണ് അദ്ദേഹത്തിന്റെ മകള്‍ കൂടിയായ മെഹബൂബയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റത്. 2014 ഡിസംബറിലെ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it