ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏഴാംതവണ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സ്വാതന്ത്ര്യത്തിനു ശേഷം ഇത് ഏഴാംതവണയാണു ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. എല്ലാ സന്ദര്‍ഭങ്ങളിലും മുഫ്തി മുഹമ്മദ് സഈദ് പ്രധാന പങ്കുവഹിച്ചിരുന്നു. ഇപ്പോള്‍ ഗവര്‍ണര്‍ ഭരണം അനിവാര്യമായത് സഈദിന്റെ മരണത്തെത്തുടര്‍ന്നാണ്. ദുഃഖാചരണം തീരുന്നതുവരെ പുതിയ മന്ത്രിസഭ രൂപീകരിക്കേണ്ടതില്ലെന്നു സഖ്യകക്ഷികളായ പിഡിപിയും ബിജെപിയും ധാരണയിലെത്തുകയായിരുന്നു. ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രാബല്യത്തില്‍വന്നതായി ഗവര്‍ണര്‍ എന്‍ എന്‍ വോറ ശനിയാഴ്ചയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനുവരി എട്ടുമുതല്‍ ഗവര്‍ണര്‍ ഭരണം നടപ്പായെന്നാണു വിജ്ഞാപനത്തില്‍ പറയുന്നത്.

1977 മാര്‍ച്ചിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി ഗവര്‍ണര്‍ ഭരണം നടപ്പായത്. സഈദിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കോണ്‍ഗ്രസ് ശെയ്ഖ് അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിനു നല്‍കിയ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നായിരുന്നു അത്. 1975ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കരാറുണ്ടാക്കിയാണ് ശെയ്ഖ് അബ്ദുല്ല അധികാരത്തിലേറിയത്. 105 ദിവസത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ശെയ്ഖ് അബ്ദുല്ല അധികാരത്തില്‍ തിരിച്ചെത്തി.
1986 മാര്‍ച്ചിലാണ് രണ്ടാംതവണ ഗവര്‍ണര്‍ ഭരണം പ്രാബല്യത്തില്‍വന്നത്. ഗുലാം മുഹമ്മദ് ഷായുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാരിനു കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെയായിരുന്നു അത്. അന്നും സഈദ് ആയിരുന്നു സംസ്ഥാന കോണ്‍ഗ്രസ്സിന്റെ തലപ്പത്ത്. നാഷനല്‍ കോണ്‍ഫറന്‍സില്‍ തന്റെ അടുത്ത ബന്ധുവും അന്നത്തെ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ കലാപക്കൊടി ഉയര്‍ത്തിയാണ് ഷാ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ അധികാരത്തിലേറിയത്. ഫാറൂഖ് അബ്ദുല്ല, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി കരാറുണ്ടാക്കിയതോടെ 246 ദിവസം നീണ്ട ഗവര്‍ണര്‍ ഭരണം അവസാനിച്ചു.
1990ലാണു വീണ്ടും ഗവര്‍ണര്‍ ഭരണം വന്നത്. അന്ന് സഈദായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. സംസ്ഥാന ഗവര്‍ണറായി ജഗ്‌മോഹന്‍ മല്‍ഹോത്രയെ നിയമിച്ചതു സംബന്ധിച്ച തര്‍ക്കംമൂലം മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല രാജിവച്ചതിനെത്തുടര്‍ന്നായിരുന്നു അത്. ജഗ്‌മോഹനെ നിയമിച്ചതിനെതിരില്‍ ഫാറൂഖ് അബ്ദുല്ലയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ സഈദ് അത് കണക്കിലെടുത്തില്ല. അങ്ങനെ മുഖ്യമന്ത്രി രാജിവച്ചു. തുടര്‍ന്ന് ആറുവര്‍ഷവും 264 ദിവസവും ഗവര്‍ണര്‍ ഭരണത്തിലായിരുന്നു ജമ്മുകശ്മീര്‍. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഗവര്‍ണര്‍ ഭരിച്ചത് ഇക്കാലത്തായിരുന്നു. 1996ല്‍ നാഷനല്‍ കോണ്‍ഫറന്‍സ് അധികാരത്തില്‍ തിരിച്ചെത്തിയതോടെയാണു ഗവര്‍ണര്‍ ഭരണം അവസാനിച്ചത്.
ആറു വര്‍ഷത്തിനു ശേഷം വീണ്ടും ഗവര്‍ണര്‍ ഭരണമായി. 2002ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു അത്. സഈദിന്റെ പിഡിപിയും കോണ്‍ഗ്രസ്സും സ്വതന്ത്രരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതോടെ 15 ദിവസത്തെ ഗവര്‍ണര്‍ ഭരണം അവസാനിച്ചു.
2008ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍ നിന്ന് പിഡിപി പിന്‍വാങ്ങിയതോടെ വീണ്ടും പ്രസിഡന്റ് ഭരണമായി. 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷനല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലെത്തിയതോടെ ഗവര്‍ണര്‍ ഭരണം അവസാനിച്ചു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു കക്ഷിക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതിനാല്‍ 51 ദിവസം ഗവര്‍ണര്‍ ഭരണമായി. തുടര്‍ന്നാണ് പിഡിപി-ബിജെപി സഖ്യം യാഥാര്‍ഥ്യമായത്.
Next Story

RELATED STORIES

Share it