ജമ്മുകശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നെന്നു പാകിസ്താന്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കും പാകിസ്താനുമിടയിലെ വാക്‌പോര് തുടരുന്നു. ജമ്മുകശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുകയാണെന്നും പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യ പിന്തുണയ്ക്കുകയാണെന്നും പാകിസ്താന്‍ യു.എന്നില്‍ പറഞ്ഞു. കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കശ്മീരിനെ സൈ ന്യം വിമുക്തമാക്കുകയല്ല, പാകിസ്താന്‍ ഭീകരത ഉപേക്ഷിക്കുകയാണു വേണ്ടതെന്ന ഇന്ത്യയുടെ വാദത്തിനാണ് ഇപ്പോ ള്‍ പാകിസ്താന്‍ മറുപടികൊടുത്തിരിക്കുന്നത്. പാകിസ്താന്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും ഇന്ത്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനാണ് ഇന്ത്യയുടെ നിലപാട് യു. എന്‍. ജനറല്‍ അസംബ്ലിയെ അറിയിച്ചത്.

പിന്നീട് വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇതാവര്‍ത്തിച്ചു. ഇന്ത്യയുടെ ഈ പ്രസ്താവനകള്‍ക്കാണു പാകിസ്താന്‍ അതേ നാണയത്തില്‍ മറുപടി കൊടുത്തത്.ഒരു ലക്ഷത്തിലധികം പേര്‍ക്ക് കശ്മീരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ കശ്മീരില്‍ നടപ്പാക്കുന്നത് ഭരണകൂട ഭീകരതയാണെന്നും പാകിസ്താന്‍ മറുപടിപ്രസ്താവനയില്‍ പറഞ്ഞു. കശ്മീരിലെ അജ്ഞാത കുഴിമാടങ്ങളെയും പാകിസ്താന്‍ മറുപടിപ്രസ്താവനയില്‍ പരാമര്‍ശിച്ചു. കശ്മീരില്‍ നിന്ന് ഇന്ത്യ പട്ടാളത്തെ പിന്‍വലിക്കണമെന്നും താഴ്‌വരയില്‍ ഹിതപരിശോധന നടത്തണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മെച്ചപ്പെട്ട ബന്ധം കൊണ്ടുവരാന്‍ പാക് പ്രധാന മന്ത്രി നവാസ് ഷരീഫ് നിര്‍ദേശിച്ച നാലിന പദ്ധതി തള്ളിയ ഇന്ത്യന്‍ നിലപാടിനെയും പാകിസ്താന്‍ വിമര്‍ശിച്ചു.

ചര്‍ച്ചകളെ ഒരൊറ്റ അജണ്ടയില്‍ ഒതുക്കണമെന്നു പറയുന്നത് സ്വാഭാവികമായ ചര്‍ച്ചകളില്‍ ഇന്ത്യക്ക് താല്‍പ്പര്യമില്ലെന്നാണു കാണിക്കുന്നതെന്നു പാകിസ്താന്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ പാകിസ്താന്‍ അവസാനിപ്പിക്കുക എന്നതു മാത്രമാണ് ചര്‍ച്ചകള്‍ക്കുള്ള ഒരേയൊരു ഉപാധിയെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.എന്നി ല്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it