ജമ്മുകശ്മിരിന് 80,000 കോടിയുടെ പാക്കേജ്

ശ്രീനഗര്‍: ജമ്മുകശ്മിരിന് 80,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനികവും പുരോഗമനപരവുമായ രീതിയില്‍ സംസ്ഥാനത്തെ മാറ്റിയെടുക്കുമെന്നും ഇതൊരു തുടക്കമാണെന്നും മോദി പറഞ്ഞു.
മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 80,000 കോടിയുടെ പാക്കേജില്‍ 42,611 കോടി രൂപ അടിസ്ഥാനസൗകര്യ വികസനത്തിനായി വിനിയോഗിക്കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 7854 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. 2241 കോടി വിനോദസഞ്ചാര വികസനത്തിനും വിനിയോഗിക്കും. 450 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ജലവൈദ്യുത പദ്ധതി ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അതേസമയം, പ്രധാനമന്ത്രി ജമ്മുകശ്മീരിന് അനുവദിച്ച പാക്കേജ് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പാക്കേജില്‍ കുറഞ്ഞ തുക മാത്രമാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. പ്രളയ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യത്തിലെടുക്കുന്നില്ല. 8000 കോടി മാത്രം പ്രളയ ദുരിതാശ്വാസത്തിന് അനുവദിച്ചത് ക്രൂരമായ തമാശയാണെന്നു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജി എ മിര്‍ പറഞ്ഞു. ദേശീയ പാതകള്‍ക്കായി അനുവദിച്ച 34,000 കോടി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ അനുവദിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി കശ്മീരിലെ രാഷ്ട്രീയ വിഷയങ്ങളെ അഭിസംബോധന ചെയ്തില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു.
Next Story

RELATED STORIES

Share it