World

ജമാല്‍ ഖഷഗ്ജിയുടെ തിരോധാനം; നയതന്ത്ര തര്‍ക്കങ്ങള്‍ രൂക്ഷമാവുന്നു

റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നയതന്ത്ര തര്‍ക്കങ്ങള്‍ രൂക്ഷമാവുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ എന്തെങ്കിലും ഉപരോധം ചുമത്തിയാല്‍ അതിനെതിരേ തിരിച്ചടിയുണ്ടാവുമെന്ന് സൗദി പ്രതികരിച്ചു. തങ്ങള്‍ക്കെതിരായ ഏത് സമ്മര്‍ദ നീക്കങ്ങളെയും തള്ളിക്കളയുന്നു. സാമ്പത്തിക ഉപരോധങ്ങളായാലും രാഷ്ട്രീയ സമ്മര്‍ദമായാലും അതിനെ അവഗണിക്കുകയാണെന്ന് സൗദി അധികൃതര്‍ പറഞ്ഞതായി എസ്പിഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഏത് നടപടിക്കും അതിനേക്കാള്‍ വലിയ തിരിച്ചടി നല്‍കുമെന്നും സൗദി ഭരണകൂടം പറയുന്നു.
ഖഷഗ്ജി കൊല്ലപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ സൗദി നേരിടാന്‍ പോവുന്നത് കടുത്തശിക്ഷയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. ഖഷഗ്ജി വധിക്കപ്പെട്ടുവെങ്കില്‍ അക്കാര്യത്തില്‍ തനിക്ക് രോഷവും ആശങ്കയുമുണ്ടെന്ന് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെട്ടു. എന്നാല്‍, സൗദിയുമായുള്ള സൈനിക ഇടപാട് ഇതിന്റെ പേരില്‍ റദ്ദാക്കുമെന്ന റിപോര്‍ട്ടുകളെ ട്രംപ് തള്ളുകയും ചെയ്തിട്ടുണ്ട്.
ഖഷഗ്ജിയെ കാണാതായ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ബ്രിട്ടനും യുഎസും അടക്കമുള്ള രാജ്യങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങുന്നതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈമാസം റിയാദില്‍ സൗദി ഭരണകൂടം സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് (എഫ്‌ഐഐ) കോണ്‍ഫറന്‍സ് ബ്രിട്ടനും യുഎസും ബഹിഷ്‌കരിക്കുമെന്നറിയിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മഞ്ചിന്‍, ബ്രിട്ടിഷ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്‌സ് എന്നിവരായിരുന്നു സമ്മേളനത്തില്‍ യുഎസിനെയും ബ്രിട്ടനെയും പ്രതിനിധീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇരുവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്‍മാറിയതായി ബിബിസി റിപോര്‍ട്ടില്‍ പറയുന്നു. ഖഷഗ്ജി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നാല്‍ സംഭവത്തെ അപലപിച്ച് സംയുക്ത പ്രസ്താവന നടത്താന്‍ യുഎസ്, യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ ആലോചിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it