Alappuzha local

ജപ്പാന്‍ ശുദ്ധജല വിതരണം 21 മുതല്‍ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍

പൂച്ചാക്കല്‍: ജപ്പാന്‍ ശുദ്ധജല വിതരണം 21 മുതല്‍ പുനസ്ഥാപിക്കുമെന്ന് അധീകൃതര്‍. കുടിവെള്ളം മുടങ്ങിയതോടെ ജനം നോട്ടോട്ടത്തില്‍. എന്നാല്‍ സംഭവം മുതലെടുത്ത് സ്വകാര്യ ജലവിതരണ ടാങ്കര്‍ ലോറികളും രംഗത്തെത്തി. ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന കുടിവെള്ളം തോന്നിയ വിലക്ക് വില്‍ക്കുകയാണ്. ജലവിതരണം ഉടന്‍ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ പറയുമ്പോഴും ആശങ്ക ഒഴിയുന്നില്ല.
പദ്ധതിയുടെ പൈപ്പ് പുനസ്ഥാപിക്കല്‍ വൈക്കം മറവന്‍തുരുത്തില്‍ നടക്കുകയാണ്. 21 കോടി രൂപയുടെ ജോലികളാണ് നടക്കുന്നത്. നാലു കിലോമീറ്റര്‍ റോഡിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇത്രയും തുക ചെലവഴിക്കുന്നത്. പുതിയ പൈപ്പിന്റെ വില ഉള്‍പ്പെടെ 19 കോടി രൂപ പൈപ്പ് സ്ഥാപിക്കല്‍ പ്രവൃത്തികള്‍ക്കാണ്.
പൈപ്പ് പുനസ്ഥാപിക്കല്‍ മൂലം മറവന്‍തുരുത്തില്‍ ചെയ്യേണ്ട റോഡ് പുനര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കും നഷ്ടപരിഹാരങ്ങള്‍ക്കുമായാണ് ബാക്കി തുക നിശ്ചയിച്ചിരിക്കുന്നത്. ചേര്‍ത്തലയിലെ ശുദ്ധജല പദ്ധതി പ്രവര്‍ത്തനങ്ങള്‍ മൂലം മറവന്‍തുരുത്ത് നിവാസികളുടെ യാത്രാ സൗകര്യം ഉള്‍പ്പെടെ ജീവിത ക്രമങ്ങള്‍ തടസപ്പെട്ടിരിക്കുകയുമാണ്.
ഗ്ലാസ് ഫൈബര്‍ റിഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്‌സ് (ജിആര്‍പി) പൈപ്പുകള്‍ മാറ്റി മൈല്‍ഡ് സ്റ്റീല്‍ (എംഎസ്) പൈപ്പുകളാണ് ഇപ്പോള്‍ സ്ഥാപിക്കുന്നത്. ജിആര്‍പിയെക്കാള്‍ വില കൂടുതലാണ് എംഎസ് പൈപ്പുകള്‍ക്ക്. ഇത്തരം പൈപ്പുകള്‍ പെട്ടെന്ന് പൊട്ടില്ലന്ന് അധീകൃതര്‍ പറയുന്നു.
അതേസമയം നാട്ടിലെ ഭൂഘടനയ്ക്ക് ജിആര്‍പി പൈപ്പ് അനുയോജ്യമല്ല എന്നു നേരത്തെ ആരോപണം ഉയര്‍ന്നതാണ്. മരുഭൂമി പോലുള്ള സ്ഥലങ്ങളിലാണ് ജിആര്‍പി പൈപ്പ് ഉപയോഗിക്കുന്നത്. പതിവായും അധികമായും വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ ജിആര്‍പി പൈപ്പ് സ്ഥാപിച്ചാല്‍ അത് പൊട്ടുന്നതിന് സാധ്യതകള്‍ ഏറെയാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് ജിആര്‍പി മാറ്റി എംഎസ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്.
20ന് രാത്രി ജോലികള്‍ പൂര്‍ത്തിയാക്കാനും. 21ന് രാവിലെ മുതല്‍ പമ്പിങ് തുടങ്ങാനുമാണ് തീരുമാനം. പമ്പിങ് തുടങ്ങി എല്ലായിടത്തും ജലമെത്താന്‍ 24 മണിക്കൂറില്‍പ്പരമാകും. 500 കോടിയോളം രൂപ ചെലവിലാണ് 2011ല്‍ ജപ്പാന്‍ശുദ്ധജല പദ്ധതി തുടങ്ങിയത്.
എന്നാല്‍ പുതിയപൈപ്പ് സ്ഥാപിക്കുന്നതോടെ  നീക്കം ചെയ്യുന്ന പൈപ്പുകള്‍ ഇനി ഉപയോഗ ശൂന്യമാകും. ഇത് സര്‍ക്കാരിന് കോടികളുടെ നഷ്ടംമാണ് വരുത്തിയത്.  നീക്കം ചെയ്യുന്ന ജിആര്‍പി പൈപ്പുകള്‍ ഇനി ഒന്നിനും കൊള്ളില്ലാത്ത അവസ്ഥയാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ചു നീക്കം ചെയ്യുമ്പോള്‍ പൊട്ടിയും തകര്‍ന്നുമാണ് പൈപ്പ് ലഭിക്കുന്നത്. 2010ല്‍ ആദ്യ ഘട്ടത്തില്‍ ജിആര്‍പി പൈപ്പ് സ്ഥാപിക്കുമ്പോള്‍ 10 കോടി രൂപയോളം ചെലവ് വന്നിട്ടുണ്ട്. അത്രയും തുകയാണ് ഇപ്പോള്‍ നഷ്ടമാകുന്നത്.
അടിക്കടി പൈപ്പ് പൊട്ടുന്നതിനാല്‍ തൃപ്തികരമായി ജലവിതരണം നടത്താന്‍ സാധിച്ചിടില്ല. ഇപ്പോള്‍ സ്ഥാപിക്കുന്ന ഇരുമ്പു പൈപ്പുകള്‍ പൊട്ടില്ലന്ന് അധീകൃതര്‍ പറയുന്നു. തുരുമ്പ് ഏല്‍ക്കാതിരിക്കാന്‍ പൈപ്പിന് പ്രത്യേക സംരക്ഷണ കവചം തീര്‍ത്തിട്ടുമുണ്ട്. 21ന് തന്നെ പമ്പിങ് തുടങ്ങുന്ന രീതിയിലാണ് ജോലികള്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it