kozhikode local

ജപ്പാന്‍ കുടിവെള്ള പദ്ധതി: കലക്ടര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു

കോഴിക്കോട്: ജപ്പാന്‍ കുടിവെളള പദ്ധതി കരാറുകാരന്റെ അനാസ്ഥ കാരണം പൂര്‍ണമായി ഉപയോഗപ്പെടുത്താനാവാത്ത നിലയിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. പദ്ധതിപ്രകാരം കോഴിക്കോട് കോര്‍പ്പറേഷനിലും 13 പഞ്ചായത്തുകളിലുമായി 20 കൂറ്റന്‍ ടാങ്കുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ ചേളന്നൂരിലെ ടാങ്ക് ഒഴികെ മറ്റെല്ലാം പൂര്‍ത്തിയായെങ്കിലും ഈ ടാങ്കുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്കുളള സപ്ലൈലൈന്‍ പ്രവൃത്തി യഥാസമയം പൂര്‍ത്തിയാക്കുന്നതില്‍ കരാറുകാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് കോര്‍പറേഷന്‍ മേയര്‍ വി കെ സി മമ്മദ്‌കോയയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും യോഗത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് അദ്ധ്യക്ഷനായിരുന്ന സബ് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജൈക്ക ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ പെരുവണ്ണാമൂഴിയില്‍ നിന്നെത്തുന്ന വെള്ളം ഇപ്പോള്‍ വെളളിമാടുകുന്ന് ബാലമന്ദിരം, പൊറ്റമ്മല്‍, മലാപ്പറമ്പ് എന്നിവിടങ്ങളില്‍ നേരത്തെയുളള പഴയ ടാങ്കുകള്‍ വഴിയാണ് നഗരത്തില്‍ വിതരണം ചെയ്യുന്നത്. യോഗത്തില്‍ എംഎല്‍എ മാരായ പി ടി എ റഹീം, സി കെ നാണു, എം കെ രാഘവന്‍ എം.പിയുടെ പ്രതിനിധി എ അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട്, മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ കെ ബാലകൃഷ്ണന്‍ (രാമനാട്ടുകര), വി കുഞ്ഞന്‍ (മുക്കം) ഷെരീഫ കണ്ണിപ്പൊയില്‍ (കൊടുവളളി) എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it