World

ജപ്പാന്‍ ഇരകളെ അവഗണിച്ചു: ദക്ഷിണ കൊറിയ

സോള്‍: രണ്ടാം ലോകമഹായുദ്ധ കാലത്തെ ലൈംഗിക അടിമകള്‍ക്കുള്ള നഷ്ടപരിഹാര ഉടമ്പടിയില്‍ ജപ്പാന്‍ ഇരകളെ അവഗണിച്ചതായി ദക്ഷിണ കൊറിയ. ഉടമ്പടിയെ ക്കുറിച്ച് പഠിക്കാനായി ദക്ഷിണ കൊറിയ നിയമിച്ച കമ്മിറ്റിയാണ് ഇരകളായ സ്ത്രീകളെ അവഗണിച്ചതായി റിപോര്‍ട്ട് നല്‍കിയത്. വിഷയത്തില്‍ ജപ്പാനും ദക്ഷിണ കൊറിയയും ദശാബ്ദങ്ങളായി തുടരുന്ന നയതന്ത്ര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാരാണ് ഉടമ്പടി തയ്യാറാക്കിയത്.
ഇരകളുമായി സംസാരിക്കാതെയാണ് ഉടമ്പടി തയ്യാറാക്കിയതെന്നും ഇതില്‍ ജപ്പാന് നിയമപരമായ ബാധ്യതയില്ലെന്നും ഇരകള്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കമ്മിറ്റി കണ്ടെത്തി. കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ ചര്‍ച്ച നടത്തിയ ശേഷം ഇരകളുമായി സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രി കാങ് ക്യുങ് വാ അറിയിച്ചു.
സോളിലും ബുസാനിലും ജപ്പാന്‍ എംബസിക്കു മുമ്പില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ലൈംഗിക അടിമകളുടെ പ്രതിമ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്ഥാപിച്ചതു മുതല്‍ ജപ്പാനും ദക്ഷിണ കൊറിയയും തമ്മില്‍  പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
ഇരകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കാന്‍ വേണ്ടിയാണ് പ്രതിമ എംബസിക്ക് മുന്നില്‍ സ്ഥാപിച്ചത്. ഇതേതുടര്‍ന്ന് രണ്ടാംലോക മഹായുദ്ധത്തില്‍ സ്ത്രീകളെ അടിമകളായി ഉപയോഗിച്ചതിന് ജപ്പാന്‍ മാപ്പപേക്ഷിക്കുകയും 8.8 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അടിമകളാക്കപ്പെട്ട സ്ത്രീകളില്‍ കൂടുതല്‍ പേരും കൊറിയയില്‍ നിന്നുള്ളവരായിരുന്നു.  മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കു പ്രകാരം രണ്ടാംലോക മഹായുദ്ധകാലത്ത് രണ്ടുലക്ഷം സ്ത്രീകളാണ് ജപ്പാന്‍ സൈനികര്‍ക്കുവേണ്ടി ലൈംഗിക അടിമകളായി ജോലി ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it