World

ജപ്പാനില്‍ ഭൂചലനം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

ടോക്കിയോ: ജപ്പാനിലെ ഒസാകയില്‍ ശക്തമായ ഭൂചലനത്തില്‍ മൂന്നുപേര്‍ മരിച്ചു. നൂറോളം പേര്‍ക്കു പരിക്കേറ്റു. സ്‌കൂള്‍ഭിത്തി തകര്‍ന്നുവീണ് ഒമ്പതു വയസ്സുകാരിയും നഗരത്തിലെ കെട്ടിടത്തിന്റെ ഭിത്തിതകര്‍ന്ന് 80കാരനും വീട്ടിലെ ബുക്ക് ഷെല്‍ഫ് മറിഞ്ഞുവീണ് മറ്റൊരാളുമാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയാണു റിക്റ്റര്‍ സ്‌കെയിലിന് 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ പല കെട്ടിടങ്ങളുടെയും ജനലുകളും വാതിലുകളും തകര്‍ന്നു. സുനാമി സാധ്യതയില്ലെന്നും ആണവനിലയങ്ങള്‍ക്കു ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ ട്രെയിന്‍ സര്‍വീസുകളും സബ് വേ സര്‍വീസുകളും നിര്‍ത്തിവച്ചു. നിരവധി വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഒന്നരലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡുകളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. പൈപ്പ്‌ലൈനുകള്‍ പൊട്ടിയതു കാരണം കുടിവെള്ള വിതരണവും താറുമാറായി. തുടര്‍ചലനങ്ങളുണ്ടായതിനെ തുടര്‍ന്നു പ്രദേശത്തു ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വീടുകള്‍ തകരാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it