ജപ്പാനില്‍ ട്രെയിന്‍ നിര്‍ത്തുന്നു, അവള്‍ക്കായി മാത്രം

ടോക്കിയോ: വടക്കന്‍ ജപ്പാനിലെ ഉള്‍ഗ്രാമമായ കാമി ഷിറാതക്കി സ്റ്റേഷനില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ട്രെയിന്‍ നിര്‍ത്തുന്നത് ഒരു യാത്രക്കാരിക്കു വേണ്ടി മാത്രം. പ്രതിദിനം രണ്ടു തവണ. രാവിലെ 7.4നും വൈകീട്ട് 5.8നും. വിദ്യാര്‍ഥിനിയുടെ സ്‌കൂള്‍ സമയം നോക്കിയാണ് ട്രെയിനിന്റെ സമയം ക്രമീകരിച്ചിട്ടുള്ളത്. ചൈനീസ് വെബ്‌സൈറ്റ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയതോടെ കാമി ഷിറാതക്കിയിലൂടെ ട്രെയിന്‍ സര്‍വീസ് നടത്തുന്ന ഹുക്കയ്‌ദോ റെയില്‍വേ കമ്പനിയെ സോഷ്യല്‍ മീഡിയകളിലൂടെ ജനം പ്രശംസ കൊണ്ടു മൂടുകയാണ്.
യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് സ്റ്റേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. അപ്പോഴാണ് ഒരു വിദ്യാര്‍ഥി രാവിലെയും വൈകീട്ടും യാത്ര ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ ഹൈ സ്‌കൂള്‍ പഠനം കഴിയുംവരെ സേവനം തുടരാന്‍ റെയില്‍വേ അധികൃതര്‍ പിന്നീടു തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ യാത്രാസമയം അനുസരിച്ച് ട്രെയിന്‍ സ്‌റ്റേഷനിലെത്തുന്ന സമയവും പരിഷ്‌കരിച്ചു. അടുത്ത മാര്‍ച്ച് പകുതിയോടെ കുട്ടിയുടെ പഠനം തീരും. ശേഷം മാര്‍ച്ച് 26ന് സ്റ്റേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
പൗരന്‍മാരുടെ ക്ഷേമകാര്യങ്ങളില്‍ ഇത്രയും താല്‍പര്യം കാണിച്ച റെയില്‍വേ അധികൃതരെയും സര്‍ക്കാരിനെയും പ്രശംസിച്ച് ഫേസ്ബുക്കിലും മറ്റും നിരവധിയാളുകള്‍ രംഗത്തെത്തി. നഷ്ടത്തിലോടുന്ന 20 പാതകളിലെ സേവനം ഹുക്കയ്‌ദോ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഗ്രാമീണ ജനത വന്‍തോതില്‍ നഗരങ്ങളിലേക്കു ചേക്കേറിയത് ഗ്രാമീണ മേഖലയിലെ റെയില്‍വേ സര്‍വീസുകളെ ബാധിച്ചുവെന്നാണു വിലയിരുത്തല്‍. ജപ്പാനിലെ ജനസംഖ്യയില്‍ കാര്യമായ കുറവുണ്ടായതും റെയില്‍വേക്കു തിരിച്ചടിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it