kannur local

ജപ്തിനീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു

ഇരിട്ടി: കച്ചേരിക്കടവ് മുടിക്കയത്ത് വിദ്യാഭ്യാസ വായ്പാ കുടിശ്ശികയുടെ പേരില്‍ നിര്‍ധന കുടുംബത്തെ ഇറക്കിവിട്ട് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. അഞ്ചംഗ കുടുംബം വീടിനകത്തു കയറി കതകടച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാവുകയും ചെയ്തതോടെ കോടതി കമ്മീഷന്റെ നേതൃത്വത്തില്‍ പോലിസ് സന്നാഹത്തോടെ എത്തിയ ബാങ്ക് അധികൃതര്‍ ഉദ്യമം ഉപേക്ഷിച്ചു മടങ്ങി. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. മകന്‍ നിധിന്‍ ഫ്രാന്‍സിസിന്റെ വിദ്യാഭ്യാസാവശ്യാര്‍ഥം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് ഇല്ലിക്കക്കുന്നേല്‍ ഫ്രാന്‍സിസിന്റെ വീടും 10 സെന്റ് സ്ഥലവും ജപ്തി ചെയ്യാന്‍ നീക്കമുണ്ടായത്. ഫ്രാന്‍സിസും ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. നിധിന്‍ വായ്പ ഉപയോഗപ്പെടുത്തി എന്‍ടിടിഎഫ് പഠനം നടത്തി വിജയിച്ചെങ്കിലും ജോലി ലഭിച്ചിട്ടില്ല.
ഇതിനാലാണ് തിരിച്ചടവ് സാധ്യമാനാത്തതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കോടതി ഉത്തരവാണെന്നും കുടുംബാംഗങ്ങള്‍ പുറത്തിറങ്ങണമെന്നും സംഘം കര്‍ശന നിലപാടെടുത്തു. വിവരമറിഞ്ഞ് നാട്ടുകാരുമെത്തി. പ്രതിഷേധം രൂക്ഷമായി. ഇതിനിടയില്‍ കുടുംബാംഗങ്ങള്‍ വീടിനകത്ത് കയറി. ഇറക്കിവീടാന്‍ നീക്കമുണ്ടായാല്‍ ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കി. ഇതോടെ അഞ്ചു ദിവസത്തിനകം തങ്ങള്‍ വീണ്ടും വരുമെന്നറിയിച്ച് ബാങ്ക് സംഘം പിന്‍വലിയുകയായിരുന്നു. തലശ്ശേരി സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജപ്തിക്കായി എത്തിയതെന്ന് കോടതി കമ്മീഷന്‍ അറിയിച്ചു. ഒരുമാസം മുമ്പ് ഉത്തരവായതാണ്.
അന്നു വന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു നീക്കവും നടത്തിയില്ല. തുടര്‍ന്നാണ് കോടതി തന്നെ ഏര്‍പ്പെടുത്തിയ പോലിസ് സംരക്ഷണത്തോടെ ഇന്നലെ വിധി നടപ്പാക്കാനെത്തിയത്. ഈ സാഹചര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും കോടതി നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. മൂന്നൂലക്ഷം രൂപയാണ് വായ്പയെടുത്തതെന്നും 2008 മുതല്‍ തിരിച്ചടവു നടത്തേണ്ടതാണെന്നും 14000 രൂപ മാത്രമാണ് ആകെ അടച്ചതെന്നും 10 വര്‍ഷമായി തിരിച്ചടവ് മുടങ്ങിയതിനാലാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും പിഎന്‍ബി ഇരിട്ടി ശാഖാ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it