Alappuzha local

ജപ്തിക്കൊരുങ്ങി ബാങ്കുകള്‍; കര്‍ഷകര്‍ നെട്ടോട്ടത്തില്‍

രാമങ്കരി: പതിനായിരങ്ങള്‍ കടം വാങ്ങി പുഞ്ചകൃഷി ഇറക്കിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പ്്് മുന്‍ കാര്‍ഷിക കടങ്ങളുടെ പേരില്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി രംഗത്തെത്തിയത് കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ വീണ്ടും ആശങ്കയുണ്ടാക്കുന്നു. എസ്ബിഐ പോലുള്ള ബാങ്കുകളാണ് കുട്ടനാട്ടിലെ നൂറ് കണക്കിന് കര്‍ഷകരുടെ പേരിലെടുത്തിട്ടുള്ള മുന്‍ കാര്‍ഷിക കടങ്ങളുടെ പേരില്‍ ജപ്തി നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് വിവരം. കര്‍ഷകര്‍ ഗ്രൂപ്പായും അല്ലാതെയും എടുത്ത വായ്പകള്‍ യഥാസമയം തിരിച്ചടയ്ക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ജപ്തി നടപടികളിലേക്ക് കടക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നതെന്ന്്് പറയുന്നു. സപ്ലൈകോ നെല്ലുസംഭരിച്ചാല്‍ യഥാസമയം വില നല്‍കുന്നതിന് പകരം മാസങ്ങള്‍ വരുത്തുന്ന കാലതാമസം തിരിച്ചടവ് മുടങ്ങാനിടയാക്കിയിട്ടുണ്ട്.  വെള്ളപ്പൊക്കവും വേനലും ഇതിനു പുറമെ പാടശേഖരങ്ങളില്‍ വര്‍ധിച്ചു വരുന്ന കീടബാധയും മൂലം കൃഷി വ്യാപകമായി നശിച്ചതും കര്‍ഷകര്‍ക്ക് കനത്ത നഷ്ടത്തിനിടയാക്കിയതായും തിരിച്ചടവിനെ ബാധിച്ചെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. ജപ്തി നോട്ടീസുകള്‍ ലഭിച്ചു തുടങ്ങിയതോടെ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണുമെന്നറിയാതെ നെട്ടോട്ടമോടുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കര്‍ഷകര്‍ക്കെതിരേയുള്ള നടപടികള്‍ ശക്തമക്കിയിട്ടുള്ളതെന്നാണ് അറിയുന്നത്്. ജപ്തിനോട്ടീസ് ലഭിച്ചതിന് തൊട്ടുപുറകെ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസര്‍മാര്‍ വീടുകള്‍ കയറി ജപ്തി ചെയ്യുന്നതിനുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കെടുപ്പ് തുടങ്ങിയതും ഇവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ്.  മുന്‍കാലങ്ങളില്‍ ഗ്രൂപ്പ് ലോണുകള്‍ ബാങ്കുകള്‍ അതതു വര്‍ഷം പുതുക്കി കൊടുക്കാന്‍  തയ്യാറാവുമായിരുന്നു. ഇങ്ങനെ വായ്പകള്‍ പുതുക്കി നല്‍കുന്നതിലൂടെ പലിശ മാത്രമടച്ചു കര്‍ഷകര്‍ക്ക് ജപ്തിനടപടികളില്‍ നിന്നു രക്ഷ നേടാനാവുമായിരുന്നു. എന്നാല്‍ ബാങ്കുകള്‍ തങ്ങളുടെ നയത്തില്‍ മാറ്റം വരുത്തിയതോടെ ഈ സാധ്യത തന്നെ ഇല്ലാതായി. ഗ്രൂപ്പ് വായ്പകള്‍ക്ക് പകരം വ്യക്തിഗത വായ്പകള്‍ നല്‍കുന്നതിലാണ് ബാങ്കുകള്‍ക്ക് ഇപ്പോള്‍ പ്രിയം. ഇത് കുട്ടനാട്ടിലെ ഭൂരിഭാഗം വരുന്ന പാട്ടകര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it