ജനൗഷധി പദ്ധതി തുടങ്ങിയില്ല; മരുന്നുവില കുതിക്കുന്നു

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: 2008ല്‍ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കാനായി കൊണ്ടുവന്ന ജനൗഷധി പദ്ധതി ഇനിയും കേരളം ഉപയോഗപ്പെടുത്തിയില്ല. അതിനാല്‍ തന്നെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇംഗ്ലീഷ് മരുന്നുകള്‍ക്ക് കേരളത്തിലുള്ളവര്‍ 42 ഇരട്ടി വില നല്‍കേണ്ടിവരുന്നു.
രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തിയ പദ്ധതിയിലാണ് ഇനിയും സംസ്ഥാനം ഇടം നേടാതിരിക്കുന്നത്. മരുന്ന് കടകളില്‍നിന്നു ജനങ്ങള്‍ക്ക് അത്യാവശ്യം ലഭിക്കേണ്ട 486 ഇനം മരുന്നുകള്‍ ചുരുങ്ങിയ വിലയില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. രാജസ്ഥാന്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നുണ്ട്. മരുന്നിന് പുറമേ സിറിഞ്ച്, പഞ്ഞി എന്നിവയ്ക്കും വിലക്കുറവ് ലഭ്യമാണ്. ഇപ്പോള്‍ ആയിരത്തിലേറെ മരുന്നുകളാണ് ഈ പദ്ധതിയില്‍ ചേര്‍ന്ന സംസ്ഥാനങ്ങള്‍ക്ക് നാലിലൊന്ന് വിലയ്ക്ക് ലഭിക്കുന്നത്.
പൊതു വിപണിയിലെ ഇംഗ്ലീഷ് മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ 2008ലെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ജനൗഷധി പദ്ധതി. വിപിപിഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ അണ്ടര്‍ ടേക്കിങ്‌സ് ഓഫ് ഇന്ത്യ എന്ന കേന്ദ്ര സൊസൈറ്റിക്കാണ് ജനൗഷധി മരുന്ന് കടകളുടെ നടത്തിപ്പ് ചുമതല. സര്‍ക്കാര്‍ കമ്പനികളില്‍ നിര്‍മിക്കുന്ന ഗുണമേന്‍മയുള്ള മരുന്നുകള്‍ മാത്രമാണ് ഈ സ്റ്റോറുകള്‍ വഴി വില്‍ക്കുന്നത്.
സ്വകാര്യ കമ്പനികളില്‍നിന്ന് വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം ഗുഡ്ഗാവിലെ കേന്ദ്ര ലാബില്‍ പരിശോധിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. രാജ്യത്തെവിടെയും ജനൗഷധി കടകള്‍ ആരംഭിക്കാന്‍ അനുവാദമുണ്ട്. വിപുലമായ വിതരണ ശൃംഖലയും സോഫ്റ്റ്‌വെയര്‍ സംവിധാനവും ഉണ്ട്.
ജനൗഷധി മരുന്ന് ഷോപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കണമെന്ന മുറവിളിക്ക് ഏറെ പഴക്കമുണ്ട്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഈ പദ്ധതിയോട് മുഖം തിരിഞ്ഞതിനെതിരേ യുഡിഎഫ് നേതാക്കള്‍ അസംബ്ലിയില്‍ അടക്കം പ്രതിഷേധിച്ചിരുന്നു. എന്നാല്‍, അവര്‍ അധികാരത്തില്‍ വന്നിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഇതോടെ സാധാരണക്കാരന്‍ 42 ഇരട്ടി വിലയ്ക്ക് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ്. പദ്ധതി തുടങ്ങി ഏഴ് വര്‍ഷത്തിനു ശേഷമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ മുന്നോട്ടു വരണമെന്നാണ് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ളത്.
വിവിധ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. ഇനിയും സംസ്ഥാനത്ത് ജനൗഷധി സ്റ്റോറുകള്‍ സ്ഥാപിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ജനകീയ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

Next Story

RELATED STORIES

Share it