Flash News

ജന്മഭൂമി വാര്‍ത്ത തെളിവായി കണക്കാക്കി എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ മതതീവ്രവാദിയാക്കി പോലിസ് റിപോര്‍ട്ട്

ജന്മഭൂമി വാര്‍ത്ത തെളിവായി കണക്കാക്കി എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ മതതീവ്രവാദിയാക്കി  പോലിസ് റിപോര്‍ട്ട്
X
തൃശൂര്‍ : ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ റിപ്പോര്‍ട്ട് ഔദ്യോഗിക രേഖയായി ഉയര്‍ത്തിക്കാട്ടി എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ ക്രിമിനലും മതതീവ്രവാദം പ്രചരിപ്പിക്കാന്‍ സാധ്യതയുള്ളയാളുമാക്കി പൊലീസിന്റെ റിപ്പോര്‍ട്ട്. മാതൃഭൂമി പത്രത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ എട്ടുമുന കരിപ്പാംകുളം വീട്ടില്‍ ഷിഹാബിനെതിരെയാണ് പൊലീസ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ചേര്‍പ്പ് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയാണ് ഇത്തരമൊരു റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്. ഒരു പത്രം ആരംഭിക്കുന്നതിനു അനുമതി തേടി ശിബാഹ് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ അപേക്ഷയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.


'ടി അപേക്ഷയില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ടി കാര്യത്തിലേക്ക് ലഭിച്ച തെളിവുകളില്‍ നിന്നും ടിയാള്‍ ക്രിമിനല്‍ കുറ്റവാസനയുള്ള ആളാണെന്നും ടിയാളുടെ അപേക്ഷ പരിഗണിക്കുന്നപക്ഷം ടിയാള്‍ പ്രസ്തുത മാധ്യമം വഴി വര്‍ഗീയത, മതതീവ്രവാദം എന്നിവ വളര്‍ത്തുന്നവിധം വാര്‍ത്തകളും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ' ആണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിനൊപ്പം ശിഹാബിനെതിരെ ഒക്ടോബര്‍ 22 ന് ജന്മഭൂമി പ്രസിദ്ധീകരിച്ച ' പകല്‍ കമ്മ്യൂണിസം; രാത്രിയില്‍ മതതീവ്രവാദം ലക്ഷ്യമിടുന്നത് വര്‍ഗീയ കലാപം' എന്ന തലക്കെട്ടിലുളള റിപ്പോര്‍ട്ടിന്റെ കോപ്പി സ്റ്റാമ്പ് ചെയ്തു നല്‍കുകയും ചെയ്തിട്ടുണ്ട്.
ശിഹാബിനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനിലും വലപ്പാട് പൊലീസ് സ്‌റ്റേഷനിലുമായി രണ്ടു കേസുകളുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കേസുകളൊന്നും ക്രിമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നിരിക്കെയാണ് പൊലീസ് കോടതിക്കുമുമ്പാകെ തന്നെ ക്രിമിനലായും മതതീവ്രവാദം പ്രചരിപ്പിക്കാന്‍ സാധ്യതയുള്ളയാളായും ചിത്രീകരിച്ചിരിക്കുന്നതെന്ന് ഷിഹാബ് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it