'ജന്മഭൂമി'ക്കെതിരേ കേസെടുത്തു

പേരാമ്പ്ര: നിപാ വൈറസ് ബാധ സംബന്ധിച്ച് തെറ്റിദ്ധാരണാജനകവും അടിസ്ഥാന രഹിതവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പെരുവണ്ണാമൂഴി പോലിസ് കേസെടുത്തു. വാര്‍ത്ത തയ്യാറാക്കിയ ജന്മഭൂമി ദിനപത്രം റിപോര്‍ട്ടര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ പ്രതികളാക്കിയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. നിപാ ബാധിച്ച് മരണപ്പെട്ട സാബിത്ത്, സ്വാലിഹ് എന്നിവരുടെ മാതാവും സൂപ്പിയുടെ ഭാര്യയുമായ പന്തിരിക്കര വളച്ചുകെട്ടിയില്‍ മറിയം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണു കേസ്. കഴിഞ്ഞ മെയ് 25ലെ ജന്മഭൂമി ദിനപത്രത്തില്‍ ഒന്നാംപേജില്‍ നിപാ എത്തിയതു മലേസ്യയില്‍ നിന്ന് എന്നും, പരാതിക്കാരിയുടെ മകന്‍ നിപാ വൈറസ് മലേസ്യയില്‍ നിന്നു കൊണ്ടുവന്നതാണെന്നുമുള്ള അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് മറിയം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. എസ്പി ഈ പരാതി പെരുവണ്ണാമൂഴി പോലിസിന് കൈമാറുകയും തുടര്‍ന്നു പെരുവണ്ണാമൂഴി പോലിസ് പരാതി പേരാമ്പ്ര കോടതി മുമ്പാകെ സമര്‍പ്പിക്കുകയും കോടതിയുടെ അനുമതിയോടെ കേസെടുക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it