ജനീവയിലെ സമാധാന ചര്‍ച്ചയ്ക്കു തുടക്കം; യമനില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍

സന്‍ആ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യമനില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ തുടങ്ങി. അറിയിച്ചതില്‍നിന്നു വ്യത്യസ്തമായി ഇന്നലെ ഉച്ചയോടെയാണ് വെടിനിര്‍ത്തല്‍ തുടങ്ങിയത്.
അതേസമയം, വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നു സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സൗദി സഖ്യസേന അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും സമയം മാറ്റിയതായി സൗദി വാര്‍ത്താ ഏജന്‍സിയാണ് അറിയിച്ചത്.
ജനീവയില്‍ യുഎന്‍ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ യമനി സര്‍ക്കാരിന്റെയും ശിയാ ഹൂഥി സംഘത്തിന്റെയും അറബ് സഖ്യസേനയുടെയും പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
മാര്‍ച്ചില്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സൗദിയില്‍ അഭയം തേടിയതിനു പിന്നാലെ സഖ്യസേന ഹൂഥി വിമതര്‍ക്കെതിരേ ശക്തമായ ആക്രമണം നടത്തിവരുകയാണ്. ആക്രമണങ്ങളില്‍ ഇതുവരെ 5700 പേര്‍ കൊല്ലപ്പെട്ടു. പകുതിയിലധികം പേരും സാധാരണക്കാരാണ്.
കഴിഞ്ഞ ദിവസം ഹൂഥി ആക്രമണത്തില്‍ രണ്ടു സഖ്യസേനാ ഓഫിസര്‍മാരും സഖ്യസേനയുടെ ആക്രമണത്തില്‍ 45ഓളം ഹൂഥികളും കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it