ജനാധിപത്യ കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം; കോടതിവിധിക്കു പിന്തുണയുമായി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും

കോഴിക്കോട്/തൃശൂര്‍: ശബരിമല സ്ത്രീ പ്രവേശനത്തിനനുകൂലമായി വന്ന കോടതി വിധിയെ കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്ന ജനാധിപത്യ കണ്‍വന്‍ഷനുകള്‍ സംസ്ഥാനത്താകെ സംഘടിപ്പിക്കുമെന്ന്് സംഘാടകസമിതി കണ്‍വീനര്‍ ഡോ. കെ എന്‍ അജോയ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി നിലപാടിനെ പിന്തുണച്ച് നടത്താനിരിക്കുന്ന കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ വൈകീട്ട് മൂന്നുമണിക്ക് തുടക്കംകുറിക്കും. ഇടതുപക്ഷ നേതാക്കള്‍ക്കിടയില്‍ നിന്നു പോലും കോടതി വിധിയെയും സര്‍ക്കാര്‍ നിലപാടുകളെയും പിന്തുണച്ച് ആളുകള്‍ എത്താന്‍ വൈകുന്നത് അപകടമാണ്. സ്ത്രീ പ്രവേശനത്തിന് പിന്‍ബലം നല്‍കലാണ് കണ്‍വന്‍ഷനുകള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
ശബരിമല വിധിക്കു ശേഷമുള്ള സമൂഹത്തിലെ ധ്രുവീകരണം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. കോടതി വിധി അംഗീകരിക്കുന്നതിനു പകരം സ്ത്രീകളെ ഉപയോഗിച്ച് ചോദ്യംചെയ്യിക്കുകയെന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. ശബരിമലയില്‍ പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ സ്തീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ആരാധനാവിലക്ക് അവസാനിപ്പിച്ച സുപ്രിംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കാലഹരണപ്പെട്ട മതവിശ്വാസ രാഷ്ട്രീയത്തെ പുനരുദ്ധരിക്കുന്ന സമരങ്ങളാണെന്ന് എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. തുല്യതയും ലിംഗനീതിയും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും സ്ത്രീകളുടെ അന്തസ്സിനും എതിരായ സമരങ്ങളാണിത്.മതേതര ജനാധിപത്യ പാര്‍ട്ടികളിലെ നേതാക്കള്‍ വോട്ടുബാങ്കിനുവേണ്ടി കേരള സമൂഹത്തെ പിന്നോട്ടു കൊണ്ടുപോവുന്ന ഇത്തരം സമരങ്ങളെ പിന്തുണയ്ക്കുന്നത് സാമൂഹികദ്രോഹമാണ്. അപമാനങ്ങളുടെയും വിവേചനങ്ങളുടെയും ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് സ്ത്രീകള്‍ ആലോചിക്കണമെന്നും എം ജി എസ് നാരായണന്‍, ആനന്ദ്, സാറാ ജോസഫ്, കെ വേണു, സക്കറിയ, ബി ആര്‍ പി ഭാസ്‌ക്കര്‍ തുടങ്ങിയവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it