ജനാധിപത്യ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി: എന്‍സിഎച്ച്ആര്‍ഒ

കോഴിക്കോട്: ഡോ. ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ശരിവച്ച സുപ്രിംകോടതി വിധി, രാജ്യത്തെ നിയമവാഴ്ചയില്‍ പരമോന്നത നീതിപീഠം നടത്തിയ സുപ്രധാന ഇടപെടലാണെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍. ജനാധിപത്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി സ്വാഗതാര്‍ഹമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള അതിരുകടന്ന ഇടപെടലായിരുന്നു ഹൈക്കോടതി വിധി.
ഇത് സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അനാവശ്യമായ വിള്ളല്‍ വീഴ്ത്തി. നീതിനിര്‍വഹണത്തിലെ ഇത്തരം അപചയങ്ങള്‍ക്കെതിരായ ജാഗ്രതയോടെയുള്ള ചുവടുവയ്പാണ് സുപ്രിംകോടതിയുടേത്. ഒരു ഹേബിയസ് കോര്‍പ്പസ് ഹരജിയുടെ തലത്തില്‍ നിന്നു തീവ്രവാദാരോപണത്തിലേക്കും ലൗജിഹാദിലേക്കും മറ്റും ഹാദിയാ കേസ് മാറുന്നത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ്.
ജനാധിപത്യ സംവിധാനങ്ങളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ട ഭരണകൂടം തന്നെ ഇത്തരം ബാഹ്യഇടപെടലുകള്‍ക്ക് വഴിതുറക്കുന്നുവെന്നത് അപകടകരമാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരേ സാമൂഹിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഉയര്‍ത്തിയ ശക്തമായ ജനകീയ പ്രതിരോധത്തിന്റെ വിജയം കൂടിയാണ് ഹാദിയാ കേസില്‍ ഉണ്ടായത്. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുസ്സമദ്, എം കെ ഷറഫുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it