ജനാധിപത്യവും നാനാത്വവും സംരക്ഷിക്കാന്‍ വിശാല സഖ്യം വേണം: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതാ സംഭവങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ സ്വേഛാധിപത്യ നീക്കങ്ങള്‍ക്കുമെതിരേ വിശാല അടിസ്ഥാനത്തില്‍ സഖ്യം രൂപപ്പെടുത്തേണ്ടതുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ശരീഫ് ആഹ്വാനം ചെയ്തു.
രാഷ്ട്രീയ എതിരഭിപ്രായങ്ങള്‍ ഓരോന്നും പാകിസ്താ ന്‍ പ്രേരിത ദേശ വിരുദ്ധ പ്രവര്‍ത്തനമായി പേര് ചാര്‍ത്തി രാജ്യത്തെങ്ങും ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വത്തില്‍ സംഘപരിവാരം ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെയും ഡല്‍ഹി സര്‍വകലാശാല അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫസര്‍ എസ് എ ആര്‍ ഗിലാനിയുടെയും അറസ്റ്റുകള്‍ ഹിന്ദുത്വ ക്രൂരതയുടെ പ്രകടനം മാത്രമാണ്. അറസ്റ്റിനെ അപലപിച്ച ചെയര്‍മാന്‍ കെ എം ശരീഫ് രണ്ടു പേരെയും ഉടനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളും ദലിതുകളും മാത്രമല്ല, ആര്‍എസ്എസ് പ്രത്യയശാസ്ത്രവുമായി വിയോജിപ്പുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ രാജ്യത്തിന്റെ ശത്രുവെന്ന പട്ടികയിലാണുള്ളത്. മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായി ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം 124എ, കിരാത നിയമമായ യുഎപിഎ എന്നിവ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ നേരിടാനും ഔദ്യോഗിക നയങ്ങളിലുള്ള എതിര്‍പ്പ് നേരിടാനും ദുരുപയോഗം ചെയ്യപ്പെടുകയാണ്.
2007ല്‍ ബംഗളൂരുവില്‍ നടന്ന എംപവര്‍ ഇന്ത്യാ കോണ്‍ഫറന്‍സില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപീകരണ പ്രഖ്യാപനത്തിന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 17ന് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ യൂനിറ്റി മാര്‍ച്ചുകളും പൊതു സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ജനാധിപത്യം, നാനാത്വം, തുല്യ നീതി എന്നിവയ്ക്കായുള്ള ജനകീയ അവകാശങ്ങളുടെ സംരക്ഷണത്തിന് സംഘടന മുന്‍നിരയിലുണ്ടാവുമെന്ന് സ്ഥാപക ദിന സന്ദേശത്തില്‍ ചെയര്‍മാന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it