ജനാധിപത്യത്തെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ രാജിക്കു പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ് ബിജെപി. ഏകാധിപതിയുടെ സ്വഭാവമാണ് പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നത്. അധികാരവും പണവും കൊണ്ട് ജനാധിപത്യത്തെ വിലയ്‌ക്കെടുക്കാനാവില്ല. രാജ്യത്തേക്കാളോ ജനതയേക്കാളോ സുപ്രിംകോടതിയേക്കാളോ വലുതല്ല പ്രധാനമന്ത്രിയെന്ന് അദ്ദേഹം മനസ്സിലാക്കണം. കര്‍ണാടകയിലെ അനുഭവത്തില്‍ നിന്ന്  പാഠം പഠിക്കണം- യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തത് പ്രധാനമന്ത്രി മോദിയുടെ അറിവോടെയാണ്. കര്‍ണാടകയില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ബിജെപിക്ക് എതിരായി ഒരുമിച്ചുനിന്നു. പണമല്ല ജനഹിതമാണ് പ്രധാനമെന്ന് അവര്‍ കാട്ടിക്കൊടുത്തു. ബിജെപിയുടെ കുതിരക്കച്ചവടത്തെ പരാജയപ്പെടുത്തിയ കര്‍ണാടകയിലെ ജനങ്ങള്‍ക്കും ദേവഗൗഡയ്ക്കും നന്ദി അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. വിധാന്‍ സഭയില്‍ നിന്നു ദേശീയഗാനത്തിനു മുമ്പായി ഇറങ്ങിപ്പോയ ബിജെപി എംഎല്‍എമാരുടെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു.
മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെ ചാക്കിടാനുള്ള ബിജെപിയുടെ ഓപറേഷന്‍ ലോട്ടസ് പരാജയപ്പെട്ടതായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Next Story

RELATED STORIES

Share it