malappuram local

ജനാധിപത്യത്തിന് കരുത്തുപകരാന്‍ അവര്‍ കാടിറങ്ങി

എടക്കര: തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ഉള്‍ക്കൊണ്ട് മലയോര മേഖലയിലെ ആദിവാസികള്‍ തങ്ങളുടെ മൗലീകാവകാശം വിനിയോഗിക്കാന്‍ കാടിറങ്ങി.
പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി അപ്പന്‍കാപ്പ്, ചളിക്കല്‍, ഏട്ടപ്പാറ, നാരങ്ങാപ്പൊയില്‍, ഇരുട്ടുകുത്തി, വാണിയംപുഴ, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, ചെമ്പ്ര, വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കല്‍, മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം, തീക്കടി തുടങ്ങിയ പട്ടികവര്‍ഗ കോളനികളിലെ ഭൂരിഭാഗം ആദിവാസി വോട്ടര്‍മാരും തങ്ങളുടെ മൗലീകാവകാശം വിനിയോഗിച്ചു. രാവിലെ പത്തുമണിക്കുള്ളില്‍തന്നെ മിക്ക കോളനികളില്‍ നിന്നും ആദിവാസികള്‍ വോട്ട് രേഖപ്പെടുത്താനായി പോളിങ്ബൂത്തിലെത്തിയിരുന്നു. അപ്പന്‍കാപ്പ്, ചളിക്കല്‍, തണ്ടന്‍കല്ല്, ഏട്ടപ്പാറ, നാരങ്ങാപ്പൊയില്‍ എന്നീ കോളനിക്കാര്‍ക്ക് മുണ്ടേരി ഗവ. ൈട്രബല്‍ ഹൈസ്‌കൂളിലെ രണ്ട് പോളിങ് സ്റ്റേഷനുകളിലായിരുന്നു വോട്ട്. വാണിയംപുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, ചെമ്പ്ര കോളനിക്കാര്‍ക്ക് ശാന്തിഗ്രാം സ്‌കൂളിലും, അളയ്ക്കല്‍, പുഞ്ചക്കൊല്ലി കോളനിക്കാര്‍ക്ക് പൂവതതിപ്പൊയില്‍ മദ്‌റസയിലുമായിരുന്നു വോട്ട്.
തിരഞ്ഞെടുപ്പ് ദിവസം കാട് കയറാതയും, മറ്റു ജോലികള്‍ക്ക് പോവാതയുമാണ് കിലോമീറ്ററുകള്‍ വനപാത താണ്ടി ആദിവാസികള്‍ വോട്ട് ചെയ്യാനെത്തിയത്. കുഞ്ഞുകുട്ടികളടക്കമാണ് ആദിവാസികള്‍ നാടിന്റെ ഭരണസാരഥികളെ തിരഞ്ഞെടുക്കാന്‍ കാടിറങ്ങിയതെന്നതാണ് ഏറെ വിശേഷം. മുന്‍ദിവസങ്ങളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാടുകയറിയവരും വയനാട്ടിലെ ബന്ധുവീടുകളില്‍ പോയവരും മാത്രമാണ് ഇന്നലെ വോട്ട് രേഖപ്പെടുത്താന്‍ എത്താതിരുന്നത്.
Next Story

RELATED STORIES

Share it