Editorial

ജനാധിപത്യത്തിന്റെ വിജയമോ സ്വാര്‍ഥതാല്‍പര്യമോ?

എഴുപത്തിയേഴു ദിവസത്തെ രാഷ്ട്രീയാനിശ്ചിതത്വത്തിനൊടുവില്‍ മെഹബൂബ മുഫ്തി ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വഴിതെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മെഹബൂബയും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍ക്കു പിന്നാലെ പിഡിപി മെഹബൂബയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. നേരത്തേ മുന്നോട്ടുവച്ച ഉപാധികളെല്ലാം പിഡിപി പിന്‍വലിച്ചെന്നുവേണം കരുതാന്‍. കേന്ദ്രത്തില്‍നിന്നു പുതുതായി ചില ഉറപ്പുകള്‍ ലഭിക്കാന്‍ മെഹബൂബ ശ്രമിച്ചിരുന്നതുമൂലമാണ് മന്ത്രിസഭാ രൂപീകരണം അനിശ്ചിതമായി നീണ്ടുപോയത്. മോദിയുമായി നടത്തിയ സംഭാഷണം പ്രസ്തുത ഉറപ്പുകള്‍ കിട്ടി എന്ന പ്രതീതി വരുത്താന്‍ വേണ്ടിയാണത്രെ. എന്നാല്‍, ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവും പിഡിപിയുടെ നേതാവ് മുസഫര്‍ ഹുസയ്ന്‍ ബേഗും പറയുന്നതാണു സത്യമെങ്കില്‍ പുതുതായി അത്തരം ഉറപ്പുകളൊന്നുമില്ല. 2010ല്‍ ഉണ്ടാക്കിയ പൊതുമിനിമം പരിപാടി തുടരും എന്നതിലപ്പുറം പുതുതായി യാതൊരു ഉറപ്പുമില്ല എന്ന് ഹുസയ്ന്‍ ബേഗ് തുറന്നുപറയുന്നു. 2010ല്‍ മുഫ്്തി മുഹമ്മദ് സഈദിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ബിജെപിയും പിഡിപിയും സഖ്യമുണ്ടാക്കിയത് ഒരേയൊരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്- ഇരുകൂട്ടരും ഒരുമിച്ചുനിന്ന് ഭരണത്തിന്റെ മധുരഫലങ്ങള്‍ ആസ്വദിക്കുക. അതല്ലാതെ ആശയതലത്തില്‍ വിരുദ്ധ ധ്രുവങ്ങളില്‍ വര്‍ത്തിക്കുന്ന ഈ രണ്ടു പാര്‍ട്ടികള്‍ക്കുമിടയില്‍ പൊതുവായി യാതൊന്നുമില്ല. എങ്കിലും ജമ്മുകശ്മീര്‍ പോലെയുള്ള ഒരു പ്രശ്‌നസംസ്ഥാനത്ത് രണ്ടറ്റങ്ങളില്‍ വര്‍ത്തിക്കുന്ന രണ്ടു പാര്‍ട്ടികള്‍ക്കുമിടയില്‍ മഞ്ഞുരുക്കമുണ്ടാവുന്നത് കശ്മീരി ജനതയ്ക്ക് നല്ലതായിരിക്കുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍, സഖ്യകക്ഷികളായി മുന്നോട്ടുനീങ്ങുമ്പോള്‍ തന്നെ ഇരുപാര്‍ട്ടികള്‍ക്കിടയിലും അകല്‍ച്ച വര്‍ധിക്കുകയാണ് ചെയ്തത്. എന്നു മാത്രമല്ല, കശ്മീരി ജനതയ്ക്ക് ഈ സഖ്യത്തോട് മനപ്പൊരുത്തമില്ലതാനും. ഈ പശ്ചാത്തലത്തില്‍ അധികാരത്തില്‍നിന്നു പുറത്തുപോവുന്നത് എങ്ങനെയെങ്കിലും തടയുക എന്നതാണ് പിഡിപിയുടെയും ബിജെപിയുടെയും ലക്ഷ്യം. അതിലപ്പുറം കശ്മീരി ജനത ഈ സംഭവവികാസത്തെ ഗൗനിക്കാനിടയില്ല.അനിശ്ചിതത്വത്തിനു പരിഹാരം കാണാന്‍ കഴിയാതെ നിയമസഭ പിരിച്ചുവിടുകയും പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്താല്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന ഉറച്ച ബോധ്യം ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്. കശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സും മറ്റു രാഷ്ട്രീയ ഗ്രൂപ്പുകളും ഇതിനിടെ സ്വന്തം സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ടുതാനും. അതിനാല്‍ എങ്ങനെയും ഭരണം നിലനിര്‍ത്തുകയേ സഖ്യത്തിനു വഴിയുള്ളൂ. മാത്രമല്ല, പാര്‍ട്ടിക്കകത്തു തന്നെ മന്ത്രിസഭാ രൂപീകരണം നീട്ടിക്കൊണ്ടുപോയ മെഹബൂബയുടെ നടപടികളോട് എതിര്‍പ്പുണ്ട്. തിരഞ്ഞെടുപ്പ് നടന്നാല്‍ സ്ഥാനം പോയേക്കുമോ എന്ന ഭീതിയാണ് എതിര്‍പ്പിനു കാരണം. ഇതെല്ലാമാണ് മെഹബൂബയെ ഒത്തുതീര്‍പ്പിനു പ്രേരിപ്പിച്ചത്. അതായത് കശ്മീര്‍ ജനതയുടെ ഹൃദയാഭിലാഷങ്ങള്‍ക്ക് ആരും വിലകല്‍പിച്ചിട്ടില്ല. ഇരുപാര്‍ട്ടികളും അവയുടെ എംഎല്‍എമാരും കരുതിയത് ഒരേയൊരു കാര്യം- ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.
Next Story

RELATED STORIES

Share it