kozhikode local

ജനാധിപത്യത്തിന്റെ വാതിലിലൂടെ കടന്നുവരുന്നതു ഫാഷിസം: മന്ത്രി

കോഴിക്കോട്: നരേന്ദ്ര മോദി ഭരണത്തില്‍ ജനാധിപത്യത്തിന്റെ വാതിലിലൂടെ കടന്നു വരുന്നത് ഫാഷിസമാണെന്ന്്  മന്ത്രി എ കെ ബാലന്‍. കോനാട് ബീച്ചില്‍ സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിരുദ്ധതയും തീവ്രദേശീയതയുമാണ് മോദി ഭരണത്തിന്റെ മുഖമുദ്ര. മോദി ചോദ്യംചെയ്യപ്പെടാത്ത ഏകാധിപതിയായി മാറുകയാണ്. ഇതെല്ലാം രാജ്യം ഫാഷിസത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ്. അപരവിദ്വേഷം പ്രത്യയശാസ്ത്രമാക്കിയ ആര്‍എസ്എസ് എന്ന സ്വകാര്യ അര്‍ധ സൈനിക വിഭാഗം മോദിക്ക് കീഴിലുണ്ട്. ദുര്‍ബലമായ പ്രതിപക്ഷമാണ് രാജ്യത്തുള്ളത്. ഈ ഘടകങ്ങളെല്ലാം രാജ്യത്ത്ഫാഷിസം പിടിമുറുക്കാനുള്ള അനുകൂല സാഹചര്യങ്ങളാണ്. രാജ്യത്തിന്റെ പോക്ക് ഫാഷിസത്തിലേക്കാണെന്ന പ്രമുഖ ചരിത്രകാരന്‍ എംജിഎസ് നാരായണന്റെ നിരീക്ഷണം ശ്രദേയമാണ്. മുലധന ശക്തികളുടെ കടന്നുകയറ്റമാണ് രാജ്യത്ത് നടക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ടുമാറ്റവും ചരക്കു സേവന നികുതി(ജിഎസ്ടി) യുമെല്ലാം പാവങ്ങളുടെ മുതുകാണ് ഒടിച്ചത്. നോട്ടുമാറ്റം പോലുള്ള നടപടികളിലൂടെ രാജ്യത്തെ കള്ളപ്പണക്കാരും അധോലോകവുമെല്ലാം ഇല്ലാതാവുമെന്ന് വിശ്വസിച്ച മോദിയുടെ സ്വന്തം അനുയായികളും ഇപ്പോള്‍ ഇളിഭ്യരായിരിക്കയാണ്. ലക്ഷക്കണക്കിന് കോടി പൊതുഖജനാവിലേക്ക് അടക്കാനുള്ള വന്‍കിട മുതലാളിമാര്‍ക്കെതിരേ നടപടികളെടുക്കാതെ വീണ്ടും ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഇതില്‍ നിന്നൊക്കെ ശ്രദ്ധതിരിച്ച് വിടാന്‍ നാട്ടില്‍ വര്‍ഗ്ഗീയ വികാരം ഇളക്കി വിടുകയാണെന്നും ബാലന്‍ പറഞ്ഞു. എ സി നിര്‍മല്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it