ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യം: ശശികുമാര്‍

കൊച്ചി: ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യം സംരക്ഷിക്കാന്‍ കൂടുതല്‍ സ്വതന്ത്രമായി മാധ്യമങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെയും മീഡിയ ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെയും ചെയര്‍മാനായ ശശികുമാര്‍.
കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ ) സംഘടിപ്പിച്ച സിഇഒ കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ സ്ഥാപനങ്ങളില്‍ എഡിറ്റോറിയല്‍ വിഭാഗവും മാര്‍ക്കറ്റിങ് വിഭാഗവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതായിരിക്കുകയാണ്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വാര്‍ത്തകള്‍ സംബന്ധിച്ചും ചില അവസരങ്ങളില്‍ വാര്‍ത്തകളുടെ ഉള്ളടക്കം പോലും മാര്‍ക്കറ്റിങ് വിഭാഗം നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടെന്നും ശശികുമാര്‍ പറഞ്ഞു. ഇന്ത്യപോലെയൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആശാസ്യകരമാണോ എന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ ഉടമകള്‍ ആരെന്നതു കൃത്യമായ സ്‌ക്രീനിങിനു വിധേയമാക്കണം. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും ഗ്രാമീണ മേഖലയിലാണ്. എന്നാല്‍ നഗരവാസികള്‍ക്കു വേണ്ടിയും അവര്‍ക്ക് അനുകൂലമായുമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.
മാധ്യമങ്ങള്‍ നല്‍കുന്ന പരസ്യങ്ങളും നഗരവാസികളെ മാത്രം ലക്ഷ്യമിട്ടാണ്. പോഷകാഹാരക്കുറവ്, ആരോഗ്യ സേവനങ്ങള്‍ ലഭിക്കാത്തത്, വിദ്യാഭ്യാസം ലഭിക്കാത്തത്, ലിംഗവിവേചനം തുടങ്ങിയ പ്രധാന വിഷയങ്ങളൊന്നും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പുറംലോകം അറിയാതെപോവുന്നുവെന്നും ശശികുമാര്‍ കുറ്റപ്പെടുത്തി. ഭൂരിപക്ഷ ജനതയെ ഇങ്ങനെ അവഗണിച്ച് മുന്നോട്ടു പോവുന്നതു മാധ്യമധര്‍മത്തെ തന്നെ അപ്രസക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ വിശ്വാസ്യതയിലാണ് മാധ്യമങ്ങളുടെ നിലനില്‍പ്പെന്നും ശശികുമാര്‍ ഓര്‍മപ്പെടുത്തി. മാത്യു ജോസ് ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. സിഇഒ കോണ്‍ക്ലേവ് ചെയര്‍മാന്‍ ഡോ. വി എ ജോസഫ്, കെഎംഎ ഓണററി സെക്രട്ടറി സി എസ് കര്‍ത്ത സംസാരിച്ചു.
Next Story

RELATED STORIES

Share it