Editorial

ജനാധിപത്യം വരേണ്യര്‍ക്കു മാത്രം?

വിദ്യാഭ്യാസയോഗ്യതയില്ലാത്തവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് വിലക്കുന്ന ഹരിയാന സംസ്ഥാന സര്‍ക്കാരിന്റെ നിയമം സുപ്രിംകോടതി ശരിവച്ചത് ഉല്‍ക്കണ്ഠാജനകമാണ്. പൗരസമൂഹത്തെ രണ്ടുതട്ടിലായി വേര്‍തിരിക്കുന്ന ഹരിയാന നിയമം സ്വാഭാവികനീതിയുടെ നിഷേധമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പൊതുപ്രവര്‍ത്തകര്‍ക്ക് മിനിമം വിദ്യാഭ്യാസയോഗ്യത വേണം എന്ന സമീപനം എത്രമേല്‍ ആകര്‍ഷകമാണെങ്കിലും ഒരു ജനാധിപത്യസമൂഹത്തില്‍ അത് അടിച്ചേല്‍പിക്കുന്നതു വഴി മഹാഭൂരിപക്ഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് ഒഴിവാക്കുകയെന്ന ഗുരുതരമായ പ്രക്രിയയാണ് അതിലൂടെ സംഭവിക്കുന്നത്. ഇന്ത്യയില്‍ കേരളമടക്കം അപൂര്‍വം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇന്ന് പൂര്‍ണ സാക്ഷരത കൈവരിച്ചിരിക്കുന്നത്.

മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിരക്ഷരരാണ് ജനസംഖ്യയില്‍ കൂടുതല്‍. ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള വിരോധമോ പഠിക്കാനുള്ള താല്‍പര്യമില്ലായ്മയോ അല്ല ഈ നിരക്ഷരതയ്ക്കു കാരണം. സാക്ഷരത കൈവരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വേണ്ടവിധം ഒരുക്കുന്നതില്‍ രാജ്യം വിജയിച്ചിട്ടില്ല. അതിനാല്‍ ഭരണകൂടത്തിന്റെ പരാജയത്തിന് പൊതുസമൂഹം വിലനല്‍കണം എന്ന നയമാണ് ഈ നിയമത്തെ ന്യായീകരിക്കുന്നതിലൂടെ സുപ്രിംകോടതി സ്വീകരിച്ചിരിക്കുന്നത്. ഇതു ഗൗരവമായ പുനപ്പരിശോധന ആവശ്യപ്പെടുന്ന വിഷയമാണ്. ഹരിയാന പഞ്ചായത്തീരാജ് ഭേദഗതി നിയമം 2015 പ്രകാരം പൊതുവിഭാഗത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥി മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. സ്ത്രീകളും പട്ടികജാതി വിഭാഗങ്ങളും എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. കാര്‍ഷികവായ്പയെടുത്താല്‍ കൃത്യമായി തിരിച്ചടവു നടത്തണം, വീടിനകത്ത് കക്കൂസ് വേണം തുടങ്ങിയ വേറെയും നിബന്ധനകളുണ്ട് സ്ഥാനാര്‍ഥിത്വത്തിനായി.

പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായ ചുമതലകള്‍ ഫലപ്രദമായി നിറവേറ്റുന്നതിന് വിദ്യാഭ്യാസം അടിസ്ഥാനപരമായ യോഗ്യതയാണ് എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാരായ ജെ ചെലമേശ്വറും അഭയ് മനോഹര്‍ സപ്രെയും ഹരിയാന നിയമത്തിന് അംഗീകാരം നല്‍കുന്ന വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, വിധി നടപ്പാവുന്നതിലൂടെ സംഭവിക്കുന്നത് വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിന് അയോഗ്യരാവുക എന്ന ആശങ്കാജനകമായ വസ്തുതയാണ്. ഹരിയാനയിലെ പട്ടികജാതി സ്ത്രീവോട്ടര്‍മാരില്‍ 68 ശതമാനം പേരും ഇതോടെ അയോഗ്യരാക്കപ്പെടുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പട്ടികജാതി വിഭാഗങ്ങളിലെ പുരുഷന്മാരില്‍ 41 ശതമാനം പേരും ഇതോടെ പുറത്താവും. ഇതു സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണപ്രക്രിയക്ക് കടുത്ത തിരിച്ചടിയാവുന്ന സമീപനമാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇത്തരം പ്രവണതകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം എന്നത് വരേണ്യവര്‍ഗത്തിന്റെ മാത്രം സ്വകാര്യ ഇടപാടായി മാറാന്‍ പിന്നീട് അധികസമയം വേണ്ടിവരുകയില്ല. ഇത്തരം പ്രവണതകള്‍ക്കെതിരേ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരുക തന്നെ വേണം.
Next Story

RELATED STORIES

Share it