ജനാധിപത്യം തകര്‍ക്കുന്ന കോട്ടകള്‍

എ  എസ്  മുസമ്മില്‍
കേരളത്തിലെ കോളജ് കാംപസുകളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത് പുതിയ സംഭവമല്ല. എന്നാല്‍, എറണാകുളം മഹാരാജാസ് കോളജില്‍ സംഘര്‍ഷമുണ്ടാവുകയും എസ്എഫ്‌ഐ നേതാവ് അഭിമന്യു മരണപ്പെടുകയും ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. കാംപസ് അന്തരീക്ഷത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്കാണ് മഹാരാജാസ് കോളജ് സാക്ഷിയായത്. കേരളത്തിലെ കാംപസുകള്‍ വേദിയായിക്കൊണ്ടിരിക്കുന്ന ഏകാധിപത്യ പ്രവണതകളുടെയും ജനാധിപത്യ ധ്വംസനങ്ങളുടെയും ഇരയാവുകയായിരുന്നു അഭിമന്യു. കലാലയങ്ങളെ അക്രമരാഷ്ട്രീയത്തിന്റെ വിളനിലങ്ങളാക്കി മാറ്റിയിട്ടുള്ള എസ്എഫ്‌ഐക്ക് ഇതിന്റെ ധാര്‍മിക ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
വ്യത്യസ്തമായ ആശയങ്ങള്‍ക്ക് വേദിയൊരുക്കുകയെന്ന സാധാരണ കലാലയാന്തരീക്ഷത്തില്‍ നിന്നു വിഭിന്നമായി ചില സംഘടനകളുടെ കുത്തകയാക്കി കാംപസുകളെ മാറ്റാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ വ്യാപകമാണ്.  തികച്ചും ജനാധിപത്യവിരുദ്ധമായ ഇത്തരം സംസ്‌കാരത്തിന്റെ പ്രയോക്താക്കളില്‍ ഒന്നാം സ്ഥാനം എസ്എഫ്‌ഐക്കു മാത്രം അവകാശപ്പെടാന്‍ കഴിയുന്നതാണ്. ധാര്‍ഷ്ട്യവും തന്‍പ്രമാണിത്തവുമാണ് ഇത്തരം കാംപസുകളില്‍ എസ്എഫ്‌ഐയുടെ കൈമുതല്‍. ഒരുകാലത്ത് കേരളത്തിലെ കാംപസുകളില്‍ സജീവമായിരുന്ന കെഎസ്‌യുവിനു പോലും ഇന്നു കേരളത്തിലെ നിരവധി കോളജുകളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു.
കോളജ് രാഷ്ട്രീയമെന്നത് തല്ലും ഭീഷണിയുമാണെന്ന സിദ്ധാന്തമാണ് എസ്എഫ്‌ഐ പുതിയ തലമുറയെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആശയസംവാദങ്ങളും സര്‍ഗാത്മക ഇടപെടലുകളും കേരളത്തിലെ പല കാംപസുകള്‍ക്കും അന്യമാണ്. ചെങ്കോട്ടകളെന്ന് സ്വയം വിശേഷിപ്പിച്ച് നവാഗതരെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന ശൈലിയാണ് ഇവര്‍ പിന്തുടരുന്നത്. തങ്ങളുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാത്തവരെ ഭയപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നു. ആദര്‍ശപരമായ ആഭിമുഖ്യത്തേക്കാള്‍ എസ്എഫ്‌ഐയുടെ ഗുണ്ടാശൈലിയില്‍ ഭയപ്പെട്ടാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും അവരുടെ കൊടി പിടിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഭീഷണികള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും വഴങ്ങാതെ വ്യത്യസ്തമായ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചവരെല്ലാം ഏതെങ്കിലും വിധത്തില്‍ എസ്എഫ്‌ഐയുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവ് വിവേകിന് എംജി സര്‍വകലാശാലയില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ ഇതിന് ഏറ്റവും നല്ല തെളിവാണ്. മര്‍ദിച്ചൊതുക്കിയ വിവേകിനെ കഞ്ചാവു വില്‍പനക്കാരനെന്നു ചാപ്പകുത്തി. മാവോവാദം ആരോപിച്ച് എഎസ്എയെ ഒറ്റപ്പെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. അഭിമന്യു എന്ന മഹാരാജാസിലെ വിദ്യാര്‍ഥിയുടെ ദലിത് സ്വത്വം ഉയര്‍ത്തിപ്പിടിച്ച് വൈകാരികതയെ മുതലെടുക്കുന്നവര്‍, ദീപയെന്ന ദലിത് ഗവേഷക വിദ്യാര്‍ഥി എംജി സര്‍വകലാശാലയില്‍ ജാതിവിവേചനത്തിന് ഇരയാകുമ്പോള്‍ നിശ്ശബ്ദരാവുകയാണ് ചെയ്യുന്നത്. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സിപിഎം അധ്യാപക സംഘടനയില്‍ പെട്ടയാളാണ് എന്നതാണ് കാരണം. ദീപയുടെ പരാതി പോലും സ്വീകരിക്കാതിരിക്കാനുള്ള നീക്കങ്ങളുണ്ടായി. അഭിമന്യുവിന്റെ കുടുംബത്തിന്റെ ജാതി തിരഞ്ഞ് സഹതാപം സൃഷ്ടിക്കുന്നവരുടെ കാപട്യം തിരിച്ചറിയണമെങ്കില്‍, എസ്എഫ്‌ഐയുടെ നേതാവാകണമെങ്കില്‍ മേല്‍ജാതി മേല്‍വിലാസം വേണമെന്ന രോഹിത് വെമുലയുടെ വാക്കുകള്‍ക്ക് കാതോര്‍ത്താല്‍ മതി.
ചെങ്കോട്ടകളെന്ന് എസ്എഫ്‌ഐക്കാര്‍ ആവേശപൂര്‍വം വിശേഷിപ്പിക്കുന്ന കേരളത്തിലെ കാംപസുകള്‍ പലതും ചെകുത്താന്‍ കോട്ടകളാണെന്നതാണ് വസ്തുത. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന യൂനിവേഴ്‌സിറ്റി കോളജില്‍ അടുത്ത കാലത്തുണ്ടായ പല സംഭവങ്ങളും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരിക്കാന്‍ ഡിവൈഎഫ്‌ഐ ഇരിപ്പുസമരം നടത്തുമ്പോഴാണ് യൂനിവേഴ്‌സിറ്റി കോളജില്‍ കൂട്ടുകാര്‍ ഒരുമിച്ചിരുന്നതിന് സൂര്യഗായത്രി എന്ന എസ്എഫ്‌ഐക്കാരി ആക്രമിക്കപ്പെടുന്നത്.
യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ എസ്എഫ്‌ഐയുടെ ആക്രമണങ്ങളില്‍ മര്‍ദനമേറ്റവര്‍ ഇന്നും നിരവധിയാണ്. അവിടെ തങ്ങള്‍ മാത്രം മതിയെന്ന ധാര്‍ഷ്ട്യമാണ് പലപ്പോഴും സംഘര്‍ഷങ്ങളിലേക്ക് വഴിമാറിയിട്ടുള്ളത്. എസ്എഫ്‌ഐയുടെ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ കാംപസുകളില്‍ യൂനിയന്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചുള്ള ബില്ല് പാസാക്കുമെന്നും അതിനു മന്ത്രിസഭയില്‍ തീരുമാനമായിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കാംപസ് ജനാധിപത്യത്തെ അറുകൊല ചെയ്യുന്ന എസ്എഫ്‌ഐ കേരള കാംപസുകള്‍ അടക്കിവാഴുമ്പോള്‍ എന്തു തരത്തിലുള്ള ജനാധിപത്യമാണ് സംരക്ഷിക്കപ്പെടുക?
മഹാരാജാസ് കോളജിലെ സംഭവങ്ങളുടെ തുടക്കം ദൃശ്യമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 'കാംപസ് ഫ്രണ്ട്' എന്നെഴുതിയതിനു മുകളില്‍ ചുവപ്പ് പെയിന്റ് കൊണ്ട് 'വര്‍ഗീയത തുലയട്ടെ' എന്ന് എഴുതിയതാണ് ചോദ്യം ചെയ്യപ്പെട്ടത്. മറ്റുള്ളവരുടെ ചുവരെഴുത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള എസ്എഫ്‌ഐ എന്ന പ്രസ്ഥാനത്തിന് അലോസരം സൃഷ്ടിക്കുന്നിടത്താണ് സംഘര്‍ഷം ഉടലെടുക്കുന്നത്. അധ്യയനം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കാംപസില്‍ കൊടിയുയര്‍ത്താന്‍ ശ്രമിച്ചതിനെ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
കോളജ് തുറക്കുന്നതിനാല്‍ പ്രശ്‌നങ്ങള്‍ വേണ്ടെന്ന നിലയില്‍ ഇവിടെ നിന്നു പിന്‍വാങ്ങിയ പ്രവര്‍ത്തകര്‍, പുറത്ത് നവാഗതരെ സ്വാഗതം ചെയ്യുന്ന ചുവരെഴുത്ത് നടത്താന്‍ ശ്രമിച്ചപ്പോള്‍ അത് തങ്ങള്‍ ബുക്ക് ചെയ്തതാണെന്നു പറഞ്ഞ് എസ്എഫ്‌ഐക്കാര്‍ വീണ്ടും തടയാന്‍ ശ്രമിച്ചു. അവിടെ നിന്നും പിന്‍വാങ്ങി മറ്റൊരു സ്ഥലത്ത് ആരും ബുക്ക് ചെയ്യാത്ത ഭാഗത്ത് നടത്തിയ ചുവരെഴുത്തിനു മുകളില്‍ 'വര്‍ഗീയത തുലയട്ടെ' എന്ന് സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഴുതുകയായിരുന്നു. ഇത് ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കത്തിനു വഴിവച്ചു.
പല തവണ ഒഴിഞ്ഞുമാറിയിട്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ കരുതിക്കൂട്ടി എസ്എഫ്‌ഐ ശ്രമിക്കുകയായിരുന്നുവെന്നതാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. അധ്യയനം ആരംഭിക്കുന്ന ദിവസം തന്നെ കോളജില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എസ്എഫ്‌ഐ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നു. നൂറിലധികം പേരടങ്ങിയ സംഘമാണ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ നേരിടാനെത്തിയത്. ഇതിലേക്ക് അഭിമന്യുവിനെ അവര്‍ വിളിച്ചുവരുത്തിയെന്നാണ് സഹോദരന്റെ വെളിപ്പെടുത്തലിലൂടെ മനസ്സിലാവുന്നത്. രാത്രിയില്‍ ഇത്രയധികം ആള്‍ക്കാരെ സംഘടിപ്പിച്ചതിലടക്കം ദുരൂഹതയുണ്ട്. അതിവൈകാരികത സൃഷ്ടിച്ചും കാംപസ് ഫ്രണ്ടിനെ ആരോപണമുനയില്‍ നിര്‍ത്തിയും പുകമറ സൃഷ്ടിക്കുന്നതിനു പകരം, അഭിമന്യുവിനെ ഫോണില്‍ വിളിച്ചുവരുത്തിയവരിലേക്കടക്കം നിഷ്പക്ഷമായ അന്വേഷണം നടത്തണം. സംഭവം നടന്ന ദിവസത്തെ കോളജ് പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. ഈ ദൃശ്യങ്ങള്‍ പുറത്തുവിടാനുള്ള ആര്‍ജവം അധികൃതര്‍ കാണിക്കണം. എസ്എഫ്‌ഐക്കും സിപിഎമ്മിനും മറച്ചുപിടിക്കാന്‍ പലതുമുള്ളതുകൊണ്ടു തന്നെയാണ് ഈ ദൃശ്യങ്ങള്‍ ഇപ്പോഴും മാധ്യമങ്ങള്‍ക്ക് ലഭിക്കാതിരിക്കുന്നത്.
പണ്ഡിറ്റ് കറുപ്പന്‍, ഒഎന്‍വി, സച്ചിദാനന്ദന്‍, ജി ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചങ്ങമ്പുഴ എന്നീ കവികള്‍ തുടങ്ങി എം എന്‍ വിജയന്‍, എം കെ സാനു തുടങ്ങിയ എഴുത്തുകാരും ഗൗരിയമ്മ മുതല്‍ തോമസ് ഐസക് വരെയുള്ള കാബിനറ്റ് മന്ത്രിപദവി അലങ്കരിച്ചവര്‍ വരെ പഠിച്ച മഹാരാജാസിന്റെ ചരിത്രം ചികയുന്നവര്‍ക്ക് പുതിയ സംഭവം കേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് ഉണ്ടായേക്കാന്‍ വഴിയില്ല. ആയുസ്സിന്റെ ബലം കൊണ്ടു മാത്രം ജീവിച്ചിരിക്കുന്ന നിരവധി പേരെ നമുക്കിടയില്‍ കാണാനാവും.
കഴിഞ്ഞ വര്‍ഷങ്ങളിലെ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെ, മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്ന സമീപനത്തിലേക്ക് എസ്എഫ്‌ഐ മാറുകയായിരുന്നു. ആശയപരമായ സംവാദത്തിന് അശക്തരായതോടെ കാല്‍ക്കീഴിലെ മണ്ണൊലിപ്പ് തടയാന്‍ അക്രമാസക്തമായ മാര്‍ഗം തിരഞ്ഞെടുക്കുകയല്ലാതെ എസ്എഫ്‌ഐക്ക് വേറെ പോംവഴിയില്ലായിരുന്നു. എംഎസ്എഫ്, ഫ്രറ്റേണിറ്റി, കെഎസ്‌യു പോലുള്ള സംഘടനകളുടെ കൊടിമരങ്ങള്‍ നശിപ്പിക്കുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തത് ഈ ഘട്ടത്തിലാണ്. മഹാരാജാസില്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ പോലും കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതായി സംഘടനാ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. മഹാരാജാസില്‍ ചുവരെഴുതാനും പോസ്റ്റര്‍ ഒട്ടിക്കാനും പാരമ്പര്യം പേറുന്ന തങ്ങള്‍ മതിയെന്ന എസ്എഫ്‌ഐയുടെ നിലപാടാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നതെന്ന് കെഎസ്‌യു നേതൃത്വങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷമാണ് മഹാരാജാസില്‍ അക്രമസംഭവങ്ങള്‍ രൂക്ഷമാവുന്നത്. ഇതു സംബന്ധിച്ച് പി ടി തോമസ് എംഎല്‍എയാണ് നിയമസഭയില്‍ പരാതി ഉന്നയിച്ചത്.
അക്രമരാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാണ് പ്രിന്‍സിപ്പല്‍ ആയിരുന്ന എന്‍ എല്‍ ബീനയുടെ കസേര എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ചത്. പുറത്തുനിന്നെത്തിയ അധ്യാപകരടക്കം സംസ്‌കാരശൂന്യമായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു. പ്രിന്‍സിപ്പലിന്റെ ഓഫിസിനു മുന്നിലേക്ക് പ്രകടനമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അവധിയായിരുന്ന ഓഫിസില്‍ അതിക്രമിച്ചു കയറുകയും ജീവനക്കാരെ ആക്രമിച്ച ശേഷം കസേര പ്രധാന കവാടത്തിനു മുന്നില്‍ കൊണ്ടുവന്ന് കത്തിക്കുകയുമായിരുന്നു.
ഇതിനു മുമ്പ് മതസ്പര്‍ധ വളര്‍ത്തുന്നതും വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതുമായ പോസ്റ്ററുകള്‍ കാംപസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ പ്രിന്‍സിപ്പല്‍ ബീന ചോദ്യം ചെയ്തതായിരുന്നു പ്രധാന പ്രകോപനം. ചെയര്‍മാന്‍ അശ്വിന്‍ പി ദിനേശിന്റെ നേതൃത്വത്തിലായിരുന്നു അക്രമങ്ങള്‍ അഴിച്ചുവിട്ടത്. ഇതേത്തുടര്‍ന്നുണ്ടായ തിരച്ചിലിലാണ് കോളജ് ഹോസ്റ്റലില്‍ നിന്ന് ആയുധശേഖരം കണ്ടെടുക്കുന്നത്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ ഒന്നാം നിലയിലെ 14ാം നമ്പര്‍ മുറിയില്‍ നിന്ന് വടിവാളുകള്‍, കമ്പിവടികള്‍, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങള്‍ പിടികൂടി. ഇതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് എസ്എഫ്‌ഐ നേതാവ് പ്രിന്‍സിപ്പല്‍ ബീനയെ മുഖത്തു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കേരളം കണ്ടതാണ്. ഇത്തരം അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്, മഹാരാജാസ് സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണെന്ന് പി ടി തോമസ് നിയമസഭയില്‍ ആരോപിച്ചത്.
രാവെന്നോ പകലെന്നോ ഇല്ലാതെ പുറത്തുനിന്ന് അന്യവാഹനങ്ങള്‍ കോളജില്‍ കയറിയിറങ്ങുന്നത് നിത്യസംഭവമാണ്. അധികൃതര്‍ നിയന്ത്രിക്കാന്‍ കഴിയാത്തവിധം അശക്തരാണ്. ചോദ്യം ചെയ്യുന്നവര്‍ മറുപടി പറയേണ്ടിവരുന്നത് കാംപസിനു പുറത്തു കാത്തുനില്‍ക്കുന്ന എറണാകുളം മാര്‍ക്കറ്റിലെ സിഐടിയുകാരോടും സിപിഎം പ്രാദേശിക നേതാക്കളോടുമാവുമെന്നതാണ് കാരണം. 17 ലക്ഷം രൂപയാണ് കാംപസ് സൗന്ദര്യവല്‍ക്കരണത്തിനു വേണ്ടി കോളജിന് അനുവദിച്ചത്. എന്നാല്‍, അത് ചെലവഴിക്കാന്‍ അനുവദിക്കുന്നതിന് കരാറുകാരനോട് എസ്എഫ്‌ഐ നേതൃത്വം ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ നിര്‍മാണം സ്തംഭിച്ചു. യുപിഎസ്‌സിയുടെ പരീക്ഷാ നടത്തിപ്പിന് എത്തിയ ഉദ്യോഗസ്ഥനോടും പണപ്പിരിവ് നടത്താന്‍ ചെല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹോസ്റ്റലിലെ ആയുധശേഖരവും കാംപസിനു പുറത്തെ ആള്‍ബലവുമായിരുന്നു നേതാക്കളുടെ അമിതാവേശത്തിനും അഹങ്കാരത്തിനും കാരണം. ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് നിര്‍മാണ സാമഗ്രികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞതോടെ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം ഇരട്ടിച്ചു. മഹാരാജാസില്‍ മാത്രമല്ല, എസ്എഫ്‌ഐക്ക് മേല്‍ക്കൈയുള്ള മുഴുവന്‍ കാംപസുകള്‍ കേന്ദ്രീകരിച്ചും ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചും ആയുധശേഖരം ഉണ്ടെന്ന വസ്തുതയെയാണ് മുഖ്യമന്ത്രി വെള്ളപൂശിയത്. മറ്റു പ്രസ്ഥാനങ്ങളെ എതിര്‍ക്കാനും അവര്‍ എഴുതുന്ന ചുവരെഴുത്തുകള്‍ നശിപ്പിക്കാനും അവരുടെ കൊടിതോരണങ്ങളും സാമഗ്രികളും ഇല്ലാതാക്കാനുമാണ് എസ്എഫ്‌ഐ ശ്രമിച്ചിട്ടുള്ളത്. പ്രതിഷേധിക്കാന്‍ പോലും മറ്റു സംഘടനകള്‍ക്ക് അനുമതി നല്‍കാറില്ല.
നിയമസഭയില്‍ പി ടി തോമസിനു സംസാരിക്കേണ്ടി വന്നത് അദ്ദേഹത്തിന് 70കളിലുണ്ടായ അനുഭവത്തില്‍ നിന്നാണ്. അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അദ്ദേഹം 64 ദിവസമാണ് ജനറല്‍ ആശുപത്രിയില്‍ കഴിയേണ്ടിവന്നത്. മഹാരാജാസിലെ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, വിദ്യാര്‍ഥി രാഷ്ട്രീയം സംഘര്‍ഷഭരിതമാക്കുന്നതില്‍ എസ്എഫ്‌ഐയുടെയും എബിവിപിയുടെയും പങ്ക് എടുത്തുപറഞ്ഞ് എ കെ ആന്റണി നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്.
മഹാരാജാസില്‍ പഠിച്ച ദലിത് ആക്ടിവിസ്റ്റായ കെ കെ ബാബുരാജിനെ പോലുള്ള ആളുകള്‍ പഠനകാലത്ത് എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദനത്തിനിരയായ സംഭവം വിശദീകരിക്കുന്നുണ്ട്. മര്‍ദനമേറ്റ ദലിതനായ കെഎസ്‌യു നേതാവിന്റെ ദുരവസ്ഥയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നുണ്ട്. ഇപ്പോള്‍ ദലിത് സ്വത്വം പറയുകയും കണ്ണീരു കൊണ്ടും വാക്കുകള്‍ കൊണ്ടും സഹതാപപ്പെരുമഴ പെയ്യിക്കുകയാണ് സിപിഎം നേതാക്കളും അവരുടെ ചാനലും. കേരളം നിഷ്ഠുരമായ കൊലപാതകങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. കൊടിയും ബാനറും കെട്ടിത്തരാം, സഖാവിനെ തിരിച്ചുതരുമോ എന്നു ചോദിക്കുന്നത് എസ്എഫ്‌ഐയുടെ മുന്‍ നേതാക്കളില്‍ ഒരാളായിരുന്ന എം സ്വരാജാണ്.
പക്ഷേ, സിപിഎം നേതാവിന്റെ വാഹനം തടഞ്ഞെന്ന് ആരോപിച്ച് പാര്‍ട്ടി കോടതിയുടെ വിചാരണയ്ക്ക് വിധേയനാക്കി കൊലപ്പെടുത്തിയ അരിയില്‍ ഷുക്കൂറിനെയും 51 വെട്ടുകള്‍ വെട്ടി വികൃതമാക്കിയ ടി പി ചന്ദ്രശേഖരനെയും സിപിഎം പ്രവര്‍ത്തകര്‍ അരുംകൊല ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെയുമൊക്കെ കൂടി ഈ ഘട്ടത്തില്‍ നേതാക്കള്‍ ഓര്‍ക്കേണ്ടതുണ്ട്. കാംപസുകള്‍ക്ക് വേണ്ടത് സര്‍ഗാത്മകത തുളുമ്പുന്ന ജനാധിപത്യ അന്തരീക്ഷമാണ്. ജനാധിപത്യം കൊടികളില്‍ മാത്രം എഴുതിവച്ച്, അക്രമരാഷ്ട്രീയത്തിന് വളമേകി ഇനിയും അഭിമന്യുമാരെ സൃഷ്ടിക്കാന്‍ മല്‍സരിക്കുന്നവരെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും തിരിച്ചറിയേണ്ടത്.                               ി

(കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍
സെക്രട്ടറിയാണ് ലേഖകന്‍)
Next Story

RELATED STORIES

Share it