ജനസേവ ശിശുഭവനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍: നടപടികളുടെ റിപോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കണം

തിരുവനന്തപുരം: എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികളെ അവധിക്കാലത്ത് അവരുടെ വീടുകളില്‍ അയക്കാത്തതിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് നോട്ടീസയച്ചു.
എറണാകുളം ജനസേവ ശിശു ഭവനില്‍ വിവിധ സംസ്ഥാനക്കാരായ 165 കുട്ടികളെ അനധികൃതമായി താമസിപ്പിച്ചിരിക്കുകയാണെന്നും അവരുടെ വീടുകളില്‍ അവധിക്ക് പോലും അവരെ വിട്ടയക്കുന്നില്ലെന്നുമുള്ള ദേശീയ മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സിപി സിആര്‍ ആക്റ്റ് 2015 സെക്ഷ ന്‍ 13 (1) (ജെ) പ്രകാരം സ്വമേധയാ കേസെടുത്ത് നോട്ടീസയച്ചത്. സ്വീകരിച്ച നടപടികളുടെ റിപോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
ജനസേവ ശിശുഭവന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പും ഹാജരാക്കണം. കോടതിയിലെ കേസിന്റെ വിശദാംശങ്ങള്‍, ഏത് സാഹചര്യത്തിലാണ് കുട്ടികളെ പാര്‍പ്പിച്ചത്, എല്ലാ കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവനുസരിച്ചാണോ പാര്‍പ്പിച്ചത്, ഇല്ലെങ്കില്‍ ഉത്തരവാദികള്‍ക്കെതിരേ സ്വീകരിച്ച നടപടി, ജെജെ ആക്റ്റനുസരിച്ച് കുട്ടികളുടെ പുനരധിവാസത്തിനു വേണ്ടി എന്തുകൊണ്ട് നടപടിയെടുത്തില്ല, കുട്ടികളെ അവരുടെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ എന്തുകൊണ്ട് അനുവദിച്ചില്ല എന്നിവ സംബന്ധിച്ച റിപോര്‍ട്ടുകളാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.
ജനസേവ ശിശു ഭവന്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ പറയുന്നത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് അവിടെ താമസിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ സംസാരിക്കാനും കഴിയുന്നില്ല. കൂടാതെ, അവരുടെ മാതാപിതാക്കളെ കാണാനോ സംസാരിക്കാനോ ഒന്നും കഴിയുന്നില്ല. മാത്രമല്ല, അവരുടെ വീടുകളിലേക്ക് പോലും അയക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്.
കമ്മീഷന്റെ നിര്‍ദേശപ്രകാരം ജനസേവ ശിശുഭവന്‍ അനധികൃതമായി പാര്‍പ്പിച്ചിരിക്കുന്ന കുട്ടികളെ തിരിച്ചയക്കണമെന്നു കത്ത് നല്‍കിയെങ്കിലും ജനസേവ ശിശുഭവന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, അവരുടെ വാദം അംഗീകരിക്കാത്ത ഹൈക്കോടതി അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് വിട്ടു. അഡീഷനല്‍ സെഷന്‍സ് കോടതിയും സാമൂഹിക നീതിവകുപ്പിന്റെ നടപടി അംഗീകരിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് ജനസേവ ശിശു ഭവന്‍ ഏറ്റെടുത്തത്.
Next Story

RELATED STORIES

Share it