ജനസാഗരം തീര്‍ത്ത് സമസ്ത സമ്മേളനം

തിരൂരങ്ങാടി: കേരളത്തിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മുന്നേറ്റപാതയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സമസ്തയ്ക്കു മാത്രമേ സാധിക്കൂവെന്ന് ഉപാധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം കൂരിയാട് സൈനുല്‍ ഉലമാ നഗറില്‍ നടന്ന ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
സമസ്തയെ അവഗണിച്ചുള്ള ഏത് ഐക്യശ്രമത്തിനും ആരും മുന്നിട്ടിറങ്ങേണ്ടതില്ല. ഇസ്‌ലാമിക ആദര്‍ശത്തിനു വിരുദ്ധമായി വികലചിന്തകളും പുത്തനാശയങ്ങളും കൊണ്ടുവന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിലാണു കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു രൂപംനല്‍കിയത്. പൊന്നാനി മഖ്ദൂമുമാരും മമ്പുറം തങ്ങളും മറ്റു സാദാത്തീങ്ങളും നേതൃത്വം നല്‍കിയ മതത്തിന്റെ പ്രചാരണമാണു സമസ്തയും നിര്‍വഹിക്കുന്നത്. വിശ്വാസ സംരക്ഷണത്തോടൊപ്പം ശക്തമായ മഹല്ല്, മദ്‌റസാ സംവിധാനത്തിനും സമുദായത്തിന്റെ അസ്തിത്വ സംരക്ഷണത്തിനും സമസ്ത നേതൃത്വം നല്‍കുന്നു. മദ്‌റസാ സംവിധാനത്തില്‍ തുടങ്ങി പള്ളി ദര്‍സുകളും അറബിക് കോളജുകളും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്‌ലാമിക് സര്‍വകലാശാല വരെയും സ്ഥാപിച്ച് സമസ്ത വിദ്യാഭ്യാസ നവോത്ഥാനമുണ്ടാക്കി.
മതപണ്ഡിതരുടെയും മറ്റു നേതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇതിനെതിരേ ചില ഭാഗത്തു നിന്നുണ്ടാവുന്ന അപശബ്ദങ്ങളെ അവഗണിക്കണം. രാജ്യത്ത് മുസ്‌ലിം സമൂഹത്തിനെതിരേ പല രീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഇക്കാലത്ത് ഐക്യത്തോടെ മുന്നോട്ടുപോവാന്‍ എല്ലാവരും ജാഗ്രത കാണിക്കണം. മുസ്‌ലിം ലോകത്ത് ആദ്യം രംഗത്തു വന്ന വിഘടനവാദികളായിരുന്നു ഖവാരിജുകള്‍. മറ്റുള്ളവരെ കാഫിറാക്കുന്ന നിലപാട് ആദ്യമായി സ്വീകരിച്ചത് അവരാണ്. അക്കാലത്തു പ്രവാചകാനുചരര്‍ ശക്തമായ നിലപാടാണു സ്വീകരിച്ചത്. നേതൃത്വത്തെ അംഗീകരിച്ചായിരിക്കണം സമസ്തയുടെ അണികള്‍ പ്രവര്‍ത്തിക്കേണ്ടത്. സമസ്തയെ തകര്‍ക്കാന്‍ ഹീനശ്രമങ്ങള്‍ നടത്തിയവര്‍ക്കൊക്കെ കാലം മറുപടി നല്‍കിയിട്ടുണ്ട്. ധിക്കരിച്ചവരെയും വിഘടനചിന്തകള്‍ പ്രചരിപ്പിച്ചവരെയുമല്ലാം സമസ്ത വേണ്ടിടത്ത് ഇരുത്തിയിട്ടുമുണ്ട്- തങ്ങള്‍ പറഞ്ഞു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍, സമസ്ത ജോയിന്റ് സെക്രട്ടറി പി പി ഉമ്മര്‍ മുസ്‌ല്യാര്‍ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സംസാരിച്ചു.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി എന്നിവര്‍ വിഷയാവതരണം നടത്തി. എം എം മുഹ് യുദ്ദീന്‍ മൗലവി, കുഞ്ഞാണി മുസ്‌ല്യാര്‍, ഹൈദര്‍ മുസ്‌ല്യാര്‍ പനങ്ങാങ്ങര, കെപിസി തങ്ങള്‍ വല്ലപ്പുഴ, ഉമര്‍ ഫൈസി മുക്കം, ടി പി ഇപ്പ മുസ്‌ല്യാര്‍, എ മരക്കാര്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, നെല്ലായ കുഞ്ഞഹമ്മദ് മുസ്‌ല്യാര്‍, വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ല്യാര്‍, എ വി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍, കെകെപി അബ്ദുല്ല മുസ്്‌ല്യാര്‍ പങ്കെടുത്തു. സമസ്തയുടെ 100ാം വാര്‍ഷികത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ആദര്‍ശ കാംപയിന്‍ സംഘടിപ്പിച്ചത്. അഞ്ചു മാസം നീണ്ടുനില്‍ക്കുന്നതാണു കാംപയിന്‍.
Next Story

RELATED STORIES

Share it