Kollam Local

ജനസഭ-2016: ചവറയില്‍ തനിക്കെതിരേ മല്‍സരിക്കാന്‍ ആളില്ലെന്ന് ഷിബു; തന്നെ സ്ഥാനാര്‍ഥിയാക്കിയത് ജനങ്ങളെന്ന് വിജയന്‍പിള്ള

കൊല്ലം: സിപിഎമ്മില്‍ തനിക്കെതിരേ മല്‍സരിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് ചവറയില്‍ സിഎംപിക്ക് സീറ്റ് നല്‍കി ബാര്‍ മുതലാളിയായിരുന്ന വിജയന്‍പിള്ളയെ മല്‍സരിപ്പിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബിജോണ്‍. ബാര്‍ മുതലാളിയിരുന്നു എന്ന കാരണം മല്‍സരിക്കാനുള്ള അയോഗ്യതയാണോ എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയന്‍പിള്ള.

മണ്ഡലത്തില്‍ പത്ത് പേരെ തികച്ചെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സിഎംപിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എം സുനില്‍. പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ജനസഭ-2016 സംവാദ പരിപാടിയിലാണ് ചവറ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ആരോപണങ്ങളുടെയും അവകാശവാദങ്ങളുടെയും കെട്ടഴിച്ചത്.ചവറയില്‍ ഇടതുമുന്നണി വ്യക്തമായ വിജയം കൈവരിക്കുമെന്ന് വിജയന്‍പിള്ള പറഞ്ഞു. ജനങ്ങള്‍ തനിക്ക് നല്‍കുന്ന സ്വീകരണവും അവരുടെ പ്രതികരണങ്ങളും പ്രതീക്ഷകള്‍ക്കും അപ്പുറമാണ്. അര്‍പ്പണ മനോഭാവത്തോടെ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ എല്‍ഡിഎഫ് കാഴ്ച വയ്ക്കുന്നത്. പ്രവര്‍ത്തകരുടെ ആവേശവും വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നു. യുഡിഎഫ് ഭരണത്തിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരേ ജനം വിധിയെഴുതും എന്ന കാര്യം തര്‍ക്കമറ്റതാണ്. ചവറയിലും ഇത് നന്നായി പ്രതിഫലിക്കും.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടപെടും. ആശയപരമായ വിയോജിപ്പുകള്‍ കാരണമാണ് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചത്. അല്ലാതെ ബാറുകള്‍ പൂട്ടിയത് കൊണ്ടല്ലെന്ന് വിജയന്‍പിള്ള വ്യക്തമാക്കി. ഇടതുമുന്നണിയുടെ മദ്യനയം എല്‍ഡിഎഫ് പ്രകടന പത്രികയിലുണ്ട്. പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് തന്നെയാണ് പ്രകടന പത്രികയില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുള്ളത്.
ബിജെപിയുമായി ഒരു ധാരണയുമില്ല. ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ആര് വോട്ടുതന്നാലും സര്‍വാത്മനാ സ്വീകരിക്കും. എന്റെ ബിസിനസിനെയും കുടുംബത്തെയും കുറിച്ചുമൊക്ക ചിലര്‍ ആരോപണങ്ങള്‍ പറഞ്ഞു നടക്കുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി ഇല്ലെന്നും വിജയന്‍പിള്ള പറഞ്ഞു. നാല് പതിറ്റാണ്ടായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതോടെ ഇവിടത്തെ ഇടതുമുന്നണി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ടത്.
പെയ്‌മെന്റ് സീറ്റാണെന്ന ആരോപണം ജനം പുഛിച്ചുതള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.യുഡിഎഫ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണെന്ന് പറഞ്ഞാണ് സംവാദത്തിന് ഷിബു തുടക്കമിട്ടത്. കോണ്‍ഗ്രസുകാരനായ ബാറുടമയെ സിപിഎമ്മിനും സിപിഐക്കും സ്ഥാനാര്‍ഥിയാക്കാന്‍ പറ്റാത്തതുകൊണ്ടാണ് സിഎംപിയുടെ ലേബലില്‍ മല്‍സരിപ്പിക്കുന്നത്. യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ഇത് ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ല.
ഇത്തവണ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തും. ജില്ലയില്‍ ആകെയുള്ള സീറ്റുകളില്‍ കേവല ഭൂരിപക്ഷം നേടും. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മാത്രമല്ല ജനം അനുകൂലമായി ചിന്തിക്കുന്ന ഘടകം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആയിരങ്ങള്‍ക്കാണ് സഹായഹസ്തമേകിയത്. അതുകൊണ്ടുതന്നെ താഴെത്തട്ടില്‍ നിന്നുതന്നെ അനുകൂല തരംഗമുണ്ട്.
ബിജെപി-ബിഡിജെസ് സഖ്യത്തിന് ജില്ലയിലെ വോട്ടര്‍മാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല. തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മുന്നേറ്റം നടത്താനുമാകില്ല. ഇത്തവണ സിഎംപിയെ മുന്നില്‍ നിര്‍ത്തി ചവറയില്‍ ഇടതുമുന്നണി ഒരു പരീക്ഷണം നടത്തുന്നു എന്നുമാത്രം കരുതിയാല്‍ മതി. മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ എല്‍ഡിഎഫ്-ബിജെപി രഹസ്യബാന്ധവം ഉണ്ടെന്നും ഷിബു ബേബിജോണ്‍ ആരോപിച്ചു.
ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ചവറയില്‍ നിലനില്‍ക്കുന്നതെന്ന് എം സുനില്‍ അവകാശപ്പെട്ടു. ജനകീയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി വിമല്‍കുമാര്‍, ഖജാഞ്ചി പ്രദീപ് ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it