Citizen journalism

ജനസംഖ്യാ കണക്കെടുപ്പ് പ്രവര്‍ത്തകര്‍

അഹമ്മദുണ്ണികാളച്ചാല്‍
2011ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും ആധാര്‍ നമ്പര്‍ ശേഖരിക്കാന്‍ സംസ്ഥാനത്തെ അധ്യാപകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജീവനക്കാരെ എന്‍പിആര്‍ എന്യൂമറേറ്റര്‍മാരായി നിയോഗിച്ചിരിക്കുന്നു. ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ഒന്നിലധികം തവണ വീടുകളില്‍ പോയി ശേഖരിച്ച മുഴുവന്‍പേരുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡാറ്റാ ഷീറ്റുകള്‍ ബൈന്റ് ചെയ്താണ് എന്യൂമറേറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. അതില്‍നിന്ന് മരണപ്പെട്ടവരെയും താമസം മാറിയവരെയും ഒഴിവാക്കുക, പുതിയ താമസക്കാരെയും കുട്ടികളെയും ഉള്‍പ്പെടുത്തുക, ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുക, കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്റെ ടെലിഫോണ്‍ നമ്പര്‍ രേഖപ്പെടുത്തുക എന്നിവയാണ് എന്യൂമറേറ്റര്‍മാര്‍ ചെയ്യേണ്ടത്. 120 മുതല്‍ 200 വരെ വീടുകള്‍ ഓരോ എന്യൂമറേറ്ററും കയറിയിറങ്ങണം. ഇതിനായി എട്ടു ദിവസം ഡ്യൂട്ടി ലീവും അനുവദിച്ചിട്ടുണ്ട്. ഇത് അത്ര എളുപ്പമല്ല. എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തുമ്പോള്‍ എല്ലാ വീടുകളിലും ആളുകളുണ്ടാവണമെന്നില്ല. ഉള്ളവര്‍ക്ക് എല്ലാവരുടെയും ആധാര്‍നമ്പര്‍ അറിയണമെന്നില്ല. ചുരുക്കത്തില്‍ കൃത്യമായ വിവരം ലഭിക്കാനായി എന്യൂമറേറ്റര്‍മാര്‍ പലതവണ വീടുകളില്‍ പോവേണ്ടിവരും. ഇത്ര കഷ്ടപ്പെട്ട് ശേഖരിക്കാന്‍ മാത്രം ആധികാരികത ആധാറിനുണ്ടോ? രാജ്യത്തെ എല്ലാവര്‍ക്കും ആധാര്‍ നല്‍കിയിട്ടുണ്ടോ? ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ആധാര്‍ നിയമവിധേയമാക്കാനുള്ള ഒരു ബില്ലും ഇതുവരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയെടുത്തിട്ടില്ല. ഗ്യാസ് സബ്‌സിഡി അടക്കമുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ നമ്മുടെ സുപ്രിംകോടതി പോലും ചോദ്യംചെയ്തിട്ടുണ്ട്. എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ പോവുന്നതിനു പകരം ഒരു വീട്ടിലെ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡുകളുമായി വീട്ടിലെ ഏതെങ്കിലുമൊരംഗം ഒരു ക്യാംപില്‍ വരുകയും അവ ഡാറ്റാ ഷീറ്റില്‍ രേഖപ്പെടുത്തി ഒപ്പിട്ടുകൊടുത്ത് മടങ്ങുകയും ചെയ്യാവുന്നതേയുള്ളൂ. ഒന്നോ രണ്ടോ ദിവസംകൊണ്ടു നടത്താമായിരുന്ന ഈ പ്രക്രിയക്കാണ് വിദ്യാര്‍ഥികളുടെ പഠിപ്പു മുടക്കി അധ്യാപകരടക്കമുള്ള ജീവനക്കാര്‍ വീടുകള്‍ കയറിയിറങ്ങുന്നത്.
Next Story

RELATED STORIES

Share it