Editorial

ജനവിധി കോണ്‍ഗ്രസ്സിനും ലീഗിനും നല്‍കുന്ന പാഠങ്ങള്‍

ഇടതുമുന്നണിക്ക് അനുകൂലമായുള്ള അസന്ദിഗ്ധമായ ജനവിധിയാണ് ഉണ്ടായതെങ്കിലും അതു കേരള രാഷ്ട്രീയത്തില്‍ ഭാവിയിലേക്ക് ഒരുപാടു സന്ദിഗ്ധതകള്‍ അവശേഷിപ്പിക്കുന്നു എന്നതാണു വസ്തുത. കാവി രാഷ്ട്രീയത്തിനു നിയമസഭയില്‍ പ്രാതിനിധ്യമനുവദിക്കരുത് എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു കേരളത്തിലെ രണ്ടു പ്രബല മുന്നണി നേതൃത്വങ്ങളും പുലര്‍ത്തിയത്. പക്ഷേ, പ്രായോഗികതലത്തില്‍ കൈക്കൊണ്ട നയസമീപനങ്ങളിലെ പാളിച്ചകള്‍ കാരണം കേരളത്തില്‍ താമരവിടര്‍ന്നു. എന്നു മാത്രമല്ല, മഞ്ചേശ്വരം പോലെയുള്ള ചില മണ്ഡലങ്ങളില്‍ വളരെ പ്രയാസപ്പെട്ടാണ് ബിജെപിയുടെ മുന്നേറ്റത്തെ സംസ്ഥാനം തടുത്തുനിര്‍ത്തിയത്. വര്‍ഗീയ ഫാഷിസത്തിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ മതിയായ മുന്നൊരുക്കങ്ങള്‍ വേണ്ടപോലെ ഇരു മുന്നണികളും ചെയ്തിട്ടില്ല. ഇരുഭാഗത്തു നിന്നും വോട്ടുകള്‍ ചോര്‍ന്ന് ബിജെപി പക്ഷത്തേക്കു പോയി. ജനവിവേകമാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ ആസൂത്രണ മികവല്ല ഹിന്ദുത്വ തീവ്രതയുടെ മുന്നേറ്റത്തെ പ്രതിരോധിച്ചത്. രണ്ടു മുന്നണികളും ഇതേപ്പറ്റി ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇപ്പോഴത്തെ ജനവിധി കോണ്‍ഗ്രസ്സിന് നല്ലൊരു പാഠമാണ്. വികസനരംഗത്ത് വലിയ കുതിപ്പു നടത്തിയ ഭരണമായിരുന്നു ഉമ്മന്‍ചാണ്ടിയുടെത്. എന്നാല്‍, അതിന്റെ നേട്ടങ്ങളൊന്നും വോട്ടാക്കിമാറ്റാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. എല്ലാം അഴിമതിയില്‍ ഒലിച്ചുപോയി. ആര്‍ക്കുവേണ്ടിയുള്ള വികസനം എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നല്‍കാനും മുന്നണിക്കു സാധിച്ചില്ല; ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരില്‍ മതിയായ സംരക്ഷണം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന വിശ്വാസം ജനിപ്പിക്കാന്‍ യുഡിഎഫിന് ഒട്ടും കഴിഞ്ഞില്ല. പരാജയത്തെക്കുറിച്ചു വിശകലനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ചെയ്യേണ്ടത് അടിസ്ഥാനപരമായ ഇത്തരം ഭരണവൈകല്യങ്ങള്‍ വിലയിരുത്തുകയാണ്. അതോടൊപ്പം സ്വന്തം സംഘടനാ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുകയും വേണം. പരാജയത്തിനു തൊട്ടുപിന്നാലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ ആ വഴിയ്ക്കല്ല കാര്യങ്ങള്‍ പോവുന്നത് എന്നു വേണം വിചാരിക്കാന്‍. ചിലരെ ബലിയാടാക്കാനും ചിലര്‍ക്കെതിരില്‍ കുത്തിത്തിരിപ്പുകള്‍ നടത്താനുമൊക്കെയാവും ഗ്രൂപ്പുവഴക്കില്‍ അടിമുടി മുങ്ങിയ കോണ്‍ഗ്രസ്സുകാര്‍ ആവേശം കാട്ടുക. ഇമ്മട്ടിലാണ് കോണ്‍ഗ്രസ്സുകാര്‍ സ്വന്തം പരാജയത്തെ സമീപിക്കുന്നതെങ്കില്‍, ഒരു സംശയവും വേണ്ട കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ അന്ത്യമായിരിക്കും സംഭവിക്കുന്നത്. ഹൈന്ദവ ഫാഷിസത്തിന് വളരാന്‍ അതു വഴിയൊരുക്കും. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയിലൂടെ മാത്രമേ തങ്ങള്‍ക്കു മേല്‍ക്കൈ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്നു മോദിക്കും കൂട്ടര്‍ക്കും നന്നായറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസ്           മുക്ത ഭാരതം എന്ന ആശയം അവര്‍ മുന്നോട്ടു വയ്ക്കുന്നത്. മുസ്‌ലിംലീഗിനും തിരഞ്ഞെടുപ്പ് പല പാഠങ്ങളും ബാക്കി  വച്ചിട്ടുണ്ട്. ലീഗുണ്ടെങ്കില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് എല്ലാം ഭദ്രം എന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ മനസ്സില്‍. പക്ഷേ, ന്യൂനപക്ഷ രാഷ്ട്രീയത്തിന് അടിപതറുന്നു എന്നാണു തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it