kozhikode local

ജനവാസ മേഖലകളില്‍ കാട്ടാന; വ്യാപകമായി കൃഷി നശിപ്പിച്ചു

പേരാമ്പ്ര: പെരുവണ്ണാമൂഴി മേഖലയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷം. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ മതില്‍ തകര്‍ത്തു. മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വ്യാപകമായി കൃഷി നശിച്ചിച്ചു. വനം വകുപ്പ് സ്ഥാപിച്ച സൗരവേലി തകര്‍ത്താണ് ആനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്. പുളിക്കൂല്‍ കുഞ്ഞിരാമന്‍ വൈദ്യര്‍, മീത്തലെ ചെറുവത്ത് ജഗദീശന്‍, കെട്ടുപറമ്പില്‍ മേരി, കോമത്ത് ശാന്ത, ഇല്ലത്ത് ബാവ എന്നിവരുടെ കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
വീടുകളുടെ മുറ്റത്തു പോലും ആനകള്‍ വിഹരിക്കുന്നത് കാരണം ജനങ്ങള്‍ ഭയപ്പാടിലാണ്. ചെങ്കോട്ടക്കൊല്ലി ഒന്നാം ബ്ലോക്ക്, ഉദയ നഗര്‍, എസ്‌റ്റേറ്റ് മേഖല എന്നിവിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. കാട്ടുപന്നി, കാട്ടു പോത്ത്, കുരങ്ങ് എന്നിവയുടെ ശല്യം കാരണവും കര്‍ഷകര്‍ വലയുകയാണ്.
മഴക്കാലമാവുന്നതോടെ മേഖലകളില്‍ കാട്ടാന ശല്യം വര്‍ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ചുറ്റുമതിലിന്റെ മൂന്ന് ഭാഗങ്ങളാണ് കാട്ടാന തകര്‍ത്തത്. മുമ്പ് തകര്‍ത്ത ഭാഗങ്ങള്‍ അടുത്ത കാലത്താണ് നന്നാക്കിയത്. ഗവേഷണ കേന്ദ്രത്തില്‍ വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വേണ്ടി ലക്ഷങ്ങള്‍ വകയിരുത്തി രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച കിടങ്ങും ഇതോടെ പ്രയോജനരഹിതമായിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായത് പെരുവണ്ണാമൂഴി ചെമ്പനോട റോഡിലെ യാത്ര ദുഷ്‌ക്കരമാക്കും. മലയോര ഭാഗത്തേക്ക് വരുന്ന ടൂറിസ്റ്റുകളും എസ്‌റ്റേറ്റില്‍ തൊഴിലെടുക്കുന്നവരും ഭീതിയോടെ യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. നിപാഭിതിയില്‍ നിന്നും മോചിതരാകുന്നതിനിടെ കാട്ടാനഭീതികൂടി പേറുകയാണ് .
Next Story

RELATED STORIES

Share it