malappuram local

ജനവാസ കേന്ദ്രത്തില്‍ വീണ്ടും കോഴിമാലിന്യം തള്ളി

മഞ്ചേരി: ജനവാസമേഖലകളില്‍ മാലിന്യം തള്ളുന്ന സംഭവങ്ങള്‍ മഞ്ചേരിയില്‍ ആവര്‍ത്തിക്കുന്നു. തുറക്കല്‍ രാജീവ് ഗാന്ധി ബൈപാസിനു സമീപം കോഴിയവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി തള്ളിയത് ജനജീവിതം ദുസ്സഹമാക്കി.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചാക്കുകളില്‍ നിറച്ചാണ് മാലിന്യം തള്ളിയിരിക്കുന്നത്. പ്രദേശത്താകെ ദുര്‍ഗന്ധം വ്യാപിച്ചതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മാലിന്യം കണ്ടെത്തിയത്.സമീപത്തെ വീടുകളിലും വിവിധ സ്ഥാപനങ്ങളിലും ദുര്‍ഗന്ധം കാരണം ഇരിക്കാനാവാതെ വന്നപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
തുടര്‍ന്ന് നഗരസഭ ഇടപെട്ട് മാലിന്യം നിറച്ച ചാക്കുകള്‍ കുഴിച്ചുമൂടുകയായിരുന്നു. അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. പൊതു സ്ഥലങ്ങളില്‍ മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം തള്ളുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ നഗരസഭ പ്രഖ്യാപിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ജനപങ്കാളിത്തത്തോടെ മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണുമെന്ന പ്രഖ്യാപനം നിലനില്‍കെയാണ് പുതിയ സംഭവം. പൊതു സ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മാലിന്യം തള്ളുന്ന സ്ഥിതി തുടരുമ്പോള്‍ പോലിസിനെതിരേയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. രാത്രികാല പട്രോളിങ് കാര്യക്ഷമമാവാത്തതും നിരീക്ഷണ സംവിധാനങ്ങളില്ലാത്തുമാണ് ആവര്‍ത്തിക്കുന്ന മാലിന്യ പ്രശ്‌നത്തിനു കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
Next Story

RELATED STORIES

Share it