Idukki local

ജനവാസ കേന്ദ്രത്തില്‍ പുലി; ഭീതിയൊഴിയുന്നില്ല



കുമളി: ഒരിടവേളയ്ക്കു ശേഷം ജനവാസ കേന്ദ്രത്തില്‍ തുടര്‍ച്ചായി പുലിയുടെ സാന്നിധ്യം. ഇന്നലെ പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തു നായയ്ക്കു പരിക്കേറ്റു. പെരിയാര്‍ കടുവാ സങ്കേതത്തിനു സമീപത്തുള്ള ജനവാസ മേഖലയായ കൊല്ലംപട്ടടയിലാണു സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കൊല്ലപട്ട പാലക്കുടിയില്‍ സാബുവിന്റെ വീട്ടില്‍ വളര്‍ത്തുന്ന നായയെ പുലി ആക്രമിച്ചത്. നായയുടെ അലര്‍ച്ച കേട്ട് ഉറക്കമുണര്‍ന്ന വീട്ടുകാര്‍ ജനാല തുറന്ന് നോക്കിയപ്പോഴാണ് പുലി മുറ്റത്ത് നിന്നിരുന്ന നായയെ കടിച്ചു വലിക്കുന്നത് കണ്ടത്. ഇതോടെ വീട്ടുകാര്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെ പുലി ഇരുളിലേക്ക് മറയുകയായിരുന്നു. സംഭവം ഇന്നലെ രാവിലെ വീട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പെരിയാര്‍ വന്യജീവി സങ്കേതം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നായയുടെ കഴുത്തിലെ മുറിവില്‍ പല്ലുകള്‍ പതിഞ്ഞ പാടുകള്‍കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ഥലത്ത് അവ്യക്തമായ കാല്‍പ്പാട് കണ്ടെത്തിയെങ്കിലും പുലിയാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പുലിയെ കണ്ടുവെന്ന് അറിയിച്ചതിനാല്‍ ഈ പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് തീരുമാനിച്ചു. മാത്രമല്ല വരും ദിവസങ്ങളില്‍ ഇവയുടെ ശല്യമുണ്ടായാല്‍ ആവശ്യമെങ്കില്‍ കെണി സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കടുവാ സങ്കേതം അധികൃതര്‍ അറിയിച്ചു. ഇതേ സമയം കഴിഞ്ഞ ദിവസം കുമളി ഹോളീഡേ ഹോമിന് സമീപത്തുള്ള തൈപ്പറമ്പില്‍ വിമല്‍ദാസിന്റെ വീട്ടിലെ രണ്ട് ആടുകളെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ വനം വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ പലതവണ ജനവാസ മേഖലകളായ കുരിശുമല, കൊല്ലംപട്ടട, ഹോളിഡേ ഹോം എന്നിവിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശത്തു പുലിയിറങ്ങിയതായി സംശയം ബലപ്പെട്ടതോടെ തദ്ദേശവാസികള്‍ പരിഭ്രാന്തിയിലാണ്.  ദിവസങ്ങളുടെ ഇടവേളകളില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായതോടെ ഉള്‍വനത്തിലേക്ക് മടങ്ങാതെ പുലി സമീപത്തെ കാട്ടിനുള്ളില്‍ പതിയിരിക്കുന്നതായും  വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്രമണത്തിനുള്ള സാധ്യതയുള്ളതായും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it