malappuram local

ജനവാസ കേന്ദ്രത്തില്‍ കാട്ടാന; സമര രംഗത്തിറങ്ങാന്‍ ജനകീയസമിതി തീരുമാനം

എടക്കര: ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മൂത്തേടത്ത് സര്‍വകക്ഷി യോഗം ചേര്‍ന്നു. തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ പതിനഞ്ചംഗ ജനകീയ സമിതിയെയും തിരഞ്ഞെടുത്തു.
വട്ടപ്പാടത്ത് വാടകയ്്ക്കു താമസിക്കുന്ന കരുളായി പാത്തിപ്പാറ സ്വദേശി പുത്തന്‍പുരക്കല്‍ മത്തായിയാണ് കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പഞ്ചായത്തിലെ വനയോര പ്രദേശങ്ങളില്‍ നിത്യേനയെത്തുന്ന കാട്ടാനകള്‍ വ്യാപകമായികൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുകയാണ്.
ഇതിനിടെയാണ് കാട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ആളപായം വരുത്തിയിരിക്കുന്നത്. ഏതാനും മാസങ്ങളായി മൂത്തേടം പഞ്ചായത്തിലെ കല്‍ക്കുളം, തീക്കടി, കൊമ്പന്‍ചോല, ചീനിക്കുന്ന്, ബാലംകുളം, പച്ചിലിപ്പാടം,കാരപ്പുറം-നെല്ലിക്കുത്ത് പൊതുമരാമത്ത് റോഡ് എന്നിവിടങ്ങളിലെല്ലാം കാട്ടാന ജനങ്ങള്‍ക്ക് ഭീതിസൃഷ്ടിക്കുകയാണ്. മലയോര ജനതയ്ക്ക് ഭയാശങ്ക കൂടാതെ അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയായിട്ടും വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. കാരപ്പുറം ക്രസന്റ് സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മൂത്തേടം ചെയര്‍മാനായി പതിനഞ്ചംഗ ജനകീയ കമ്മിറ്റിക്ക് യോഗത്തില്‍ രൂപം നല്‍കി.
തുടര്‍പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ കമ്മിറ്റി മുന്‍കൈയെടുക്കും. പി ഉസ്മാന്‍,ഷിബുരാജ്, അനസ് പുള്ളിച്ചോല, അഡ്വ. ടി കെ അശോക് കുമാര്‍, ജസ്മല്‍ പുതിയറ,കെ സുബൈദ, ടോമി കല്‍ക്കുളം, ഉഷ സച്ചിദാനന്ദന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it