malappuram local

ജനവാസകേന്ദ്രത്തില്‍ വീണ്ടും കാട്ടാനയിറങ്ങി

എടക്കര: മൂത്തേടം നെല്ലിക്കുത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെല്ലിക്കുത്ത് പ്രദേശത്തെ വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി കഴിയുന്ന ഒറ്റക്കൊമ്പനാണ് ശനിയാഴ്ച രാത്രി നെല്ലിക്കുത്ത് അങ്ങാടിക്ക് ചേര്‍ന്നുള്ള പൂണ്ടക്കുന്നിലത്തെിയത്. പുല്‍ക്കട സെയ്ത് ഹാജിയുടെ തോട്ടത്തിന് ചുറ്റും സ്ഥാപിച്ച ഫെന്‍സിങും വനാതിര്‍ത്തിയില്‍ നിര്‍മിച്ച വേലിയും തകര്‍ത്തായിരുന്നു ഒറ്റയാന്റെ വരവ്. സെയ്ത് ഹാജിയുടെ വാഴകളും മറ്റു വിളകളും നശിപ്പിച്ച ശേഷം പെരുമ്പള്ളി ശിഹാബിന്റെ വീട്ടുമുറ്റത്തെത്തി. പഞ്ചായത്തില്‍ നിന്നു ലൈഫ്പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മാണത്തിലിരിക്കുന്നതിനാല്‍ കെട്ടിയുണ്ടാക്കിയ ഷെഡിലായിരുന്നു ശിഹാബും ഭാര്യ സീനത്തും മൂന്ന് കുട്ടികളും. ഏതാനും ദിവസം മുമ്പ് കാട്ടാനയത്തെി ഷെഡ് തകര്‍ത്തിരുന്നു. കുടുംബം വിരുന്നുപോയതിനാല്‍ സമീപത്ത് ഒഴിഞ്ഞുകിടക്കുന്ന വീട്ടിലാണ് ശിഹാബും കുടുംബവും അന്തിയുറങ്ങുന്നത്.
ഈ വീടിന്റെ മുറ്റത്തെത്തിയ കാട്ടാന ചിന്നം വിളിച്ച് ഭീതി പരത്തി. കെട്ടുറപ്പൊന്നുമില്ലാത്ത ആ പഴയ വീടിന്റെ ജനല്‍ പറിച്ചെടുക്കാന്‍ തുമ്പിക്കൈ ഉയര്‍ത്തിയെങ്കിലും പിന്നീട് ആന പിന്‍മാറുകയായിരുന്നു. ശേഷം ശിഹാബിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കരിങ്കല്‍ തറ തകര്‍ത്താണ് ആന സ്ഥലം വിട്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ആന വിഹരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായിട്ടും വനംവകുപ്പ് യാതൊരു നടപടിയുമെടുക്കുന്നില്ലെന്നു ആക്ഷേപമുണ്ട്.




Next Story

RELATED STORIES

Share it