malappuram local

ജനവാസകേന്ദ്രങ്ങളില്‍ മാലിന്യം തള്ളല്‍; രണ്ടുപേര്‍ പിടിയില്‍

മഞ്ചേരി: ജനവാസകേന്ദ്രങ്ങളിലും ജലസ്രോതസ്സുകള്‍ക്കടുത്തും അറവു മാലിന്യം നിരന്തരം തള്ളുന്ന സംഘത്തെ മഞ്ചേരി പോലിസ് പിടികൂടി. പാണ്ടിക്കാട് പൂളമണ്ണ പൊട്ടായില്‍ അബ്ദുല്‍ നാഫിഹ് ഷാന്‍ (20), പൂളമണ്ണ ചെറുകാവില്‍ വീട്ടില്‍ മുഹമ്മദ് അനൂപ് (19) എന്നിവരാണ് അറസ്റ്റിലായത്. എസ്‌ഐ ജലീല്‍ കറുത്തേടത്തുന്റെ നേതൃത്വത്തിലുള്ള സംഘം മാലിന്യവുമായെത്തിയ വാഹനവും സംഘത്തില്‍ നിന്നു പിടികൂടി. കഴിഞ്ഞ ഒരു മാസമായി മഞ്ചേരി ചെങ്ങണ ബൈപാസ്, മാലാംകുളം, നറുകര, മുള്ളമ്പാറ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തള്ളിയത് ഇവരാണെന്ന് തെളിഞ്ഞതായി പോലിസ് വ്യക്തമാക്കി. നഗരത്തിലെ മൈലാടിയില്‍ അറവുമാടുകളുടെ കൊഴുപ്പു ശേഖരിക്കുന്ന സ്ഥാപനത്തില്‍നിന്നു മാലിന്യം ഒരു ലോഡിന് 10,000 രൂപയ്ക്ക് ഏറ്റെടുക്കുകയാണ് സംഘം ചെയ്യുന്നത്. ഇതു പിന്നീട് സംസ്‌കരിക്കാതെ രാത്രിയുടെ മറവില്‍ വിവിധ കേന്ദ്രങ്ങളില്‍ തള്ളുന്നു. മാംസാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാതെ പൊതു സ്ഥാലങ്ങളില്‍ തള്ളുന്നത് വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നുണ്ട്. ഇതേചൊല്ലി നഗരത്തിന്റെ വിവിധ കോണുകളില്‍ ജനരോഷവും ശക്തമാണ്. കെ സെയ്താലിക്കുട്ടി ൈബപാസ് റോഡില്‍ മാലിന്യംതള്ളല്‍ തുടരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ റോഡുപരോധിച്ച് സമര രംഗത്തെത്തിയിരുന്നു. നഗരസഭയും പോലിസും ഇക്കാര്യത്തില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ജനവാസകേന്ദ്രങ്ങളില്‍ തള്ളിയിരുന്ന മാലിന്യമെല്ലാം നഗരസഭാധികൃതര്‍ ഇടപെട്ടാണ് സംസ്‌കരിച്ചിരുന്നത്. ജനരോഷം ശക്തമായതിനെ തുടര്‍ന്ന് നിരീക്ഷണം ശ്കതമാക്കിയ പോലിസ് നടപടിയിലാണ് സംഘം അകപ്പെട്ടത്. മാലിന്യവുമായെത്തിയ സംഘം പിടിയിലായതറിഞ്ഞ് വന്‍ ജനാവലി പോലിസ് സ്‌റ്റേഷന്‍ പരിസരത്തു തടിച്ചുകൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it