wayanad local

ജനവാസകേന്ദ്രങ്ങളിലെ വന്യമൃഗശല്യം; ജില്ലാതലത്തില്‍ സമഗ്ര പദ്ധതി

കല്‍പ്പറ്റ: വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നതു മൂലമുള്ള ആള്‍നാശവും സംഘര്‍ഷങ്ങളും കൃഷിനാശവും തടയാന്‍ ജില്ലാതലത്തില്‍ സമഗ്രമായ കര്‍മപദ്ധതി വേണമെന്നു ജില്ലാ വികസന സമിതി.
ഇതേക്കുറിച്ച് ആലോചിക്കാന്‍ നോര്‍ത്ത് വയനാട്, കല്‍പ്പറ്റ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍, വയനാട് വന്യജീവി സങ്കേതം വാര്‍ഡന്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ നബാര്‍ഡിന്റെയോ ഫണ്ട് ലഭ്യമാക്കണം. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ നാലു പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ വികസന സമിതി വിഷയം ചര്‍ച്ച ചെയ്തത്.
കാടും നാടും ശാസ്ത്രീയമായി വേര്‍തിരിക്കാനുള്ള സമഗ്ര പദ്ധതി വേണമെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. തേക്കിന്‍തോട്ടങ്ങള്‍ ഒഴിവാക്കി അവ സ്വാഭാവിക വനങ്ങളാക്കിയാല്‍ വന്യമൃഗങ്ങള്‍ ഭക്ഷണത്തിനായി പുറത്തേക്കിറങ്ങുന്ന സാഹചര്യം കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വന്യമൃഗങ്ങള്‍ മൂലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മുന്‍ഗണനാ ക്രമത്തില്‍ മതില്‍ നിര്‍മാണമോ ഉരുക്കുവേലി നിര്‍മാണമോ നടത്തണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍ദേശിച്ചു. 96 കുടുംബങ്ങള്‍ താമസിക്കുന്ന ചെട്ട്യാലത്തൂര്‍ കോളനിയില്‍ വൈദ്യുതിയെത്തിക്കുന്നതിനായി 2.2 കിലോമീറ്റര്‍ ദൂരം ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കുന്നതിനായി കെഎസ്ഇബിക്ക് വനംവകുപ്പ് അനുമതി നല്‍കാത്ത വിഷയം യോഗം ചര്‍ച്ച ചെയ്തു. 6.2 കിലോമീറ്ററാണ് ആകെ ലൈന്‍ വലിക്കേണ്ടത്. ഇതില്‍ 2.2 കിലോമീറ്റര്‍ മാത്രമാണ് വനത്തിലൂടെയുള്ളത്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
കല്‍പ്പറ്റ ഗവ. കോളജില്‍ നാക് സന്ദര്‍ശനം മുന്‍നിര്‍ത്തി വനിതാ ഹോസ്റ്റല്‍ പൂര്‍ത്തീകരണ പ്രവൃത്തി നടത്താനും ഓഡിറ്റോറിയത്തിലെ ശബ്ദസംവിധാനം കുറ്റമറ്റതാക്കാനും കോളജ് വളപ്പിലെ റോഡ് നിര്‍മാണം നടത്താനും ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. കോളജില്‍ കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കാനും പ്രിന്‍സിപ്പല്‍ നിയമനം നടത്താനും നടപടി സ്വീകരിക്കണമെന്നു കോളജ് അധികൃതര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. പ്ലസ്‌വണ്‍ ഏകജാലക പ്രവേശനത്തിലൂടെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതിരിക്കുമ്പോള്‍ അവര്‍ കൊഴിഞ്ഞുപോവാനുള്ള സാധ്യത കണക്കിലെടുത്ത് അവര്‍ക്ക് ഇഷ്ടമുള്ള സ്‌കൂളുകളില്‍ പ്രവേശനം നല്‍കാന്‍ ഓണ്‍ സ്‌പോട്ട് അഡ്മിഷന്‍ കൊടുക്കണമെന്ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
പട്ടികവര്‍ഗ കോളനികളിലെ വീടുകളുടെ ചോര്‍ച്ച തടയാന്‍ രണ്ടു കോടി രൂപ അനുവദിച്ചതായി ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ വാണിദാസ് അറിയിച്ചു. വീടുകളുടെ വിവരശേഖരണം നടത്തിവരുന്നു. പ്രസ്തുത ഫണ്ട് പഞ്ചായത്തുകള്‍ക്ക് 30നകം കൈമാറി പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഷീറ്റ് ഇടേണ്ട വീടുകള്‍, ഓട് മാറ്റിവയ്‌ക്കേണ്ട വീടുകള്‍ എന്നിവയുടെ വിവരം ശേഖരിക്കും. വീടുകള്‍ക്ക് ലോഹനിര്‍മിത ഷീറ്റ് ഇടുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it