malappuram local

ജനലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍നിലമ്പൂര്‍ മേഖലയിലും വ്യാപകം

നിലമ്പൂര്‍: വീടുകളിലും മറ്റുതാമസസ്ഥലങ്ങളിലും ജനലുകളില്‍ കറുത്ത സ്റ്റികറുകള്‍ പതിപ്പിക്കുന്നത് നിലമ്പൂര്‍ മേഖലയിലും വ്യാപകം. നിലമ്പൂര്‍ നഗരസഭയിലെ മണലൊടി, ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം എന്നിവിടങ്ങളിലാണ് കറുത്ത സ്റ്റികറുകള്‍ പതിച്ചതായി പോലിസിന് വിവരം ലഭിച്ചത്. അകമ്പാടത്തെ വാടക ക്വാര്‍ട്ടേഴ്‌സിലും മണലൊടി കാരുണ്യനഗറിലെ കൂനിയേരി വാസുവിന്റെ വീടിന്റെ ജനല്‍ ചിലുകളിലുമാണ് കറുത്ത സ്റ്റികറുകള്‍ കാണപ്പെട്ടത്. ഇരു സ്ഥലങ്ങളിലും പോലിസെത്തി പരിശോധന നടത്തി. 2013 മുതല്‍ താമസം തുടങ്ങിയ വാസുവിന്റെ വീട്ടിലെ മുന്‍വശത്തെ മൂന്ന് പാളിയുള്ള ജനലിലെ ഒരു പാളി ചില്ലില്ലാണ് രണ്ട് കറുത്ത സ്റ്റിക്കറുകള്‍ കാണപ്പെട്ടത്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ജനല്‍ ചില്ലുകള്‍ ക്ലീന്‍ ചെയ്യാറുണ്ടെന്നും അപ്പോഴെന്നും സ്റ്റിക്കറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വീട്ടുകാര്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെടുന്നതായി വാര്‍ത്ത പരക്കുന്നതിനിടെയാണ് നിലമ്പൂര്‍ മേഖലയിലും സ്റ്റിക്കറുകള്‍ കണ്ടു തുടങ്ങിയത്. എന്നാല്‍, ഇത്തരം സംഭവങ്ങളില്‍ ആശങ്കപ്പെട്ടേണ്ടതില്ലെന്ന് പരിശോധനയ്ക്ക് ശേഷം നിലമ്പൂര്‍ സിഐ കെ എം ബിജു മാധ്യമങ്ങളോട് പറഞ്ഞു. ജനലുകളില്‍ സ്റ്റിക്കര്‍ കണ്ടെത്തുന്നത് പോലിസ് ഗൗരവമായി കണ്ട് ഡിജിപിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. സംഭവസ്ഥലങ്ങളിലെത്തി പരിശോധന നടത്തി ഈ കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. ഗ്ലാസുകള്‍ പൊട്ടിപോവാതിരിക്കാനായി കമ്പനികള്‍ തന്നെ പതിക്കുന്നതാണ് ഇത്തരം സ്റ്റികറുകളെന്നും പോലിസ് സ്ഥിരികരിച്ചിടുണ്ട്. നിലമ്പൂരില്‍ കണ്ടെത്തിയതും ഇത്തരം കറുത്ത സ്റ്റികറുകളാണെന്ന് സിഐ പറഞ്ഞു.
Next Story

RELATED STORIES

Share it