thrissur local

ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല; മാള ഹെല്‍ത്ത് സെന്ററിലെ ഡയാലിസിസ് മുടങ്ങി

മാള: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മാള കെ കരുണാകരന്‍ സ്മാരക കമ്യുണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡയാലിസിസ് ഇന്നലെ മുടങ്ങി. സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച യൂണിറ്റില്‍ വൈദ്യുതി ഇല്ലാത്ത സമയത്ത് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് ഡയാലിസിസ് മുടങ്ങിയത്.
ഇന്നലെ വന്ന രോഗികളോട് അടുത്ത ദിവസം വരുവാന്‍ പറഞ്ഞ് മടക്കി വിടുകയാണുണ്ടായത്. ഡയാലിസിസ് നടക്കുമ്പോള്‍ വൈദ്യുതി തടസ്സം ഉണ്ടായാല്‍ പകരം യുപിഎസ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും രണ്ട് മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തന ശേഷിയേ ഇവക്കുള്ളൂ. പുറത്തു നിന്നുള്ള വൈദ്യുതി ഇല്ലാത്ത സമയങ്ങളിലും യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ച് മാസക്കാലമായിട്ടും ഈ ജനറേറ്റര്‍ യൂനിറ്റുമായി ബന്ധപ്പെടുത്തി കണക്ഷന്‍ നല്‍കാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്നില്ല. ജനറേറ്റര്‍ ഉണ്ടെന്ന കാരണത്താ ന്‍ യുപിഎസ് വാങ്ങുവാന്‍ കാലതാമസം വരുത്തിയത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങ ള്‍ക്കും വഴിയൊരുക്കിയിരുന്നു. ഒരേസമയം നാല് പേര്‍ക്ക് ഡയാലിസിസ് ചെയ്യുവാനുള്ള സൗകര്യം ഈ യൂനിറ്റില്‍ ഉണ്ട്.
എട്ട് രോഗികളാണ് ഇവിടെ ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്നത്. അടിയന്തിര വൈദ്യസഹായം നല്‍കാന്‍ ഇവിടെ സൗകര്യമില്ലാത്തതിനാല്‍ മറ്റു ശാരീരിക ബുദ്ധിമുട്ടുള്ള രോഗികളെ ഇവിടെ ഡയലിസിസിന് പരിഗണിക്കുകയില്ല. ഒന്നാം നിലയില്‍ സ്ഥാപിച്ചിരിക്കുന്ന ഈ യുനിറ്റിലേയ്ക്ക് രോഗികള്‍ക്ക് 26 പടികള്‍ കയറിയിറങ്ങേണ്ടതുണ്ട്. പല രോഗികള്‍ക്കും ഇത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.
ലിഫ്റ്റ്, വീല്‍ ചെയര്‍ കയറ്റാവുന്ന റാമ്പോ സ്ഥാപിക്കണമെന്നുള്ള ആവശ്യത്തിനു മുമ്പില്‍ അധികാരികളുടെ കണ്ണ് ഇതുവരെയും  തുറന്നിട്ടില്ല. ഈ യൂണിറ്റിലേയ്ക്കുള്ള വെള്ളം ആശുപത്രി കോമ്പൗണ്ടിന്റെ പുറത്തു നിന്നാണ് പമ്പ് ചെയ്ത് കൊണ്ടുവരുന്നത്. പമ്പിംഗ് മോട്ടറിന്റെ നിയന്ത്രണം യൂനിറ്റില്‍ സ്ഥാപിക്കാത്തതു കൊണ്ട് വെള്ളത്തിന് ചില സമയങ്ങളില്‍ തടസ്സങ്ങള്‍ നേരിടുന്നതായി പരാതിയുണ്ട്. ജനുവരി മുതല്‍ ഇതുവരെയും ഇരുന്നൂറ്റി അമ്പതോളം ഡയാലിസിസ് ആണ് നടത്തിയിരിക്കുന്നത്.
ജനുവരിയില്‍ തുടങ്ങിയ ഈ യുനിറ്റിന് മരുന്നും മറ്റ് സാമഗ്രികളും വാങ്ങിയ വകയില്‍ ഇതുവരെ ഒരു പണവും ബ്ലോക്ക് പഞ്ചായത്ത് കൊടുത്തിട്ടില്ല. ഏകദേശം രണ്ട് ലക്ഷം രൂപയോളം ഇതിന്റെ നടത്തിപ്പുകാര്‍ക്ക് നല്‍കാനുണ്ട്. ഡയാലിസിസ് ചെയ്യുവാന്‍ പതിനഞ്ചോളം രോഗികളുടെ അപേക്ഷകള്‍ മാറ്റി വെച്ചിരിക്കുകയാണെന്ന് പറയുന്നു. കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍ ഡയാലിസിസ് നടത്തുന്ന സ്വകാര്യ ഏജന്‍സി തയ്യാറാവാത്തതാണ് ഇതിനു കാരണം. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രമാണ് ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. മാസത്തിന്‍ 250 ഡയാലിസിസ് നടത്താന്‍ സാധിക്കുന്ന ഈ യുനിറ്റില്‍ 100 ല്‍ താഴെ മാത്രമാണിപ്പോള്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it