Kottayam Local

ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

ചങ്ങനാശ്ശേരി: താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതിനെത്തുടര്‍ന്നു ചികില്‍സയ്ക്കാവശ്യമായ പുതിയ യന്ത്രസാമഗ്രികളും കെട്ടിട സൗകര്യങ്ങളും  വര്‍ദ്ധിച്ചുവെങ്കിലും സാങ്കേതിക വിദഗ്ധരുടെ അഭാവം നേരിടുന്നു.
തുടര്‍ന്ന് ചികില്‍സ ഉപകരണങ്ങള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താനാവാതെ രോഗികള്‍ക്കൊപ്പം അധികൃതരും വിഷമിക്കുകയാണ്. ഏഴുലക്ഷം രൂപാ മുടക്കി സ്വകാര്യ വ്യക്തി ഡിജിറ്റല്‍ എക്‌സ്‌റേ യൂനിറ്റ് ജനറല്‍ ആശുപത്രിക്കു സംഭാവന ചെയ്‌തെങ്കിലും  സാങ്കേതിക കാരണം പറഞ്ഞ് ഇപ്പോഴും അതു പെട്ടിയില്‍തന്നെ സൂക്ഷിച്ചിരിക്കുന്നു. നിലവില്‍ എക്‌സറേ എടുക്കാന്‍ രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. രക്തത്തിലെ എല്ലാവിധ പരിശോധനകളും  നടത്തുവാന്‍ പാകത്തിലുള്ള ഫുള്‍ഓട്ടോ അനലൈസര്‍ ആറുമാസം മുമ്പ് എത്തിയെങ്കിലും  പുതിയ ഒപി കെട്ടിടത്തില്‍ ഒരു വാഷിങ് ബെയ്‌സിനും സ്ലാബും സ്ഥാപിച്ചില്ലന്ന കാരണത്താല്‍ അതും പെട്ടിയി ല്‍ നിന്ന് പുറത്തെടുത്തിട്ടില്ല.
ആശുപത്രി വികസന ഫണ്ടില്‍ മൂന്നുകോടി രൂപയോളം നിക്ഷേപമായി ഉള്ളപ്പോഴാണ് ഇത്തരത്തില്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥകാരണം ചികില്‍സാ ഉപകരണങ്ങള്‍ പെട്ടിയില്‍തന്നെ ഇരിക്കേണ്ടിവന്നിരിക്കുന്നത്.  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു ഡയാ—ലിസിസ് യൂനിറ്റ് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയ്ക്കു അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം അതു ചങ്ങനാശ്ശേരിക്കു നഷ്ടമായി.
അഞ്ചുവര്‍ഷം മുമ്പ് 10 ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 30ന് മുകളില്‍ ഡോക്ടര്‍മാരുണ്ട്. എന്നാല്‍ വേണ്ടത്ര നഴ്‌സുമാര്‍ ആശുപത്രിക്കു ലഭിച്ചിട്ടില്ല. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ടും സ്ഥിരമായി സൂപ്രണ്ട് ഇല്ലാത്തതും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
പലപ്പോഴും ആക്ടിങ് സൂപ്രണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.  അത് വേണ്ടത്ര ഫലപ്രദമാവുന്നുമില്ല. യഥാസമയങ്ങളില്‍ ആശുപത്രി വികസന സമിതികൂടി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കാറില്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it