kasaragod local

ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം; സാങ്കേതികത്വം നീങ്ങിയില്ല

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലടക്കം വിവിധ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പ്രത്യേക ഉത്തരവ് ഇറക്കിയിട്ടും സാങ്കേതിക തടസം നീങ്ങിയില്ല.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിയമസഭയില്‍ നിരന്തരമായി ഉന്നയിച്ച സബ്മിഷനെ തുടര്‍ന്നാണ് പ്രത്യേക ഓര്‍ഡിനന്‍സിലുടെ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി നല്‍കിയത്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഇതിനുള്ള സൗകര്യം അധികൃതര്‍ക്ക് ഇതുവരെ ഒരുക്കാനായാട്ടില്ല. ഡോക്ടര്‍മാരുടെ അഭാവവും രാത്രിക്കാലത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ പ്രത്യേക ലൈറ്റുകളും സ്ഥാപിക്കാത്തതാണ് പോസ്റ്റ്‌മോര്‍ട്ടം നടപ്പിലാക്കാന്‍ തടസ്സമാകുന്നത്. വാഹനാപകടങ്ങളിലും മറ്റും മരണപ്പെട്ടാല്‍ വൈകീട്ട് നാലിന് ശേഷം ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താറില്ല. സൂര്യപ്രകാശത്തിന്റെ വെളിച്ചം ലഭിക്കാത്തതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം വൈകുന്നേരങ്ങളില്‍ നടത്താത്തത്.
എന്നാല്‍ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കളും മറ്റും മൃതദേഹം വിട്ടുകിട്ടാന്‍ പിറ്റേദിവസം രാവിലെ 11 വരെ കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥ മാറ്റാനാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള ഉത്തരവ് ഇ്‌പ്പോഴും ചുവപ്പുനാടയിലാണ്.
കഴിഞ്ഞ ദിവസം മൊഗ്രാല്‍ കൊപ്രബാസാറില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസ് കയറി മരണപ്പെട്ടിരുന്നു. ഈ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഇന്നലെ രാവിലെ 11നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് കൈമാറിയത്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും ഇത് പ്രാബല്യത്തില്‍ വരാത്തത് പരക്കെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it