kasaragod local

ജനറല്‍ ആശുപത്രിയില്‍ പരിശോധനാ നിരക്ക് കുത്തനെ കൂട്ടിയതിനെതിരേ വ്യാപക പ്രതിഷേധം

കാസര്‍കോട്്: ജനറല്‍ ആശുപത്രിയില്‍ വിവിധ പരിശോധനകള്‍ക്കും ഒപി ടിക്കറ്റിനുമുള്ള നിരക്ക് കുത്തനെ കൂട്ടി. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിരക്ക് വര്‍ധിപ്പിച്ചത്. രണ്ട് രൂപയുണ്ടായിരുന്ന ഒപി ടിക്കറ്റിന് അഞ്ചുരൂപയും അഞ്ചുരൂപയുണ്ടായിരുന്ന ഐപി ടിക്കറ്റിന് പത്ത് രൂപയായും വര്‍ധിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് രക്തത്തിനുള്ള തുക 250 രൂപയില്‍ നിന്ന് 300 രൂപയായും പുറമെ നിന്നുള്ള രോഗികള്‍ക്ക് 500ല്‍ നിന്ന് 580 ആയും വര്‍ധിപ്പിച്ചു.
കൊളസ്‌ട്രോള്‍ പരിശോധനക്കുള്ള നിരക്ക് നൂറില്‍ നിന്ന് 120 രൂപയായും ഇസിജി പരിശോധനക്ക് 10 രൂപയും ഫിസിയോതെറാപ്പിക്ക് 30 രൂപയും എക്്‌സറേ പരിശോധനക്ക് 10 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ആശുപത്രിയിലെത്തുന്ന രോഗികളില്‍ നിന്നും ഈടാക്കുന്ന പണം ആശുപത്രിയുടെ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്ക് തികയാത്തത് കൊണ്ടാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്നാണ് മാനേജ്‌മെന്റ് കമ്മിറ്റി പറയുന്നത്. കഴിഞ്ഞ മാസം 14ന് ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ ഈ കമ്മിറ്റി അംഗങ്ങളാണ്.
നിലവില്‍ പ്രതിമാസം 5.5 ലക്ഷം രൂപയാണ് വിവിധ ചാര്‍ജ് ഇനങ്ങളിലായി ലഭിക്കുന്നത്. നിലവിലെ വര്‍ധവിന്റെ അടിസ്ഥാനത്തില്‍1.5 ലക്ഷം രൂപ കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം പറഞ്ഞു.ജില്ലാ ഹോമിയോ ആശുപത്രിയിലും ആയുര്‍വേദ ആശുപത്രിയിലും നേരത്തെ തന്നെ ഒപി ടിക്കറ്റിന്  അഞ്ചു രൂപയാക്കിയിട്ടുണ്ട്. 18 വയസിന് താഴെയുള്ളവരില്‍ നിന്ന് യാതൊരു ഫീസും ഈടാക്കാറില്ല. ആശുപത്രിയിലെ 16 താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളത്തിനും ഉപകരണങ്ങള്‍ റിപയര്‍ ചെയ്യുന്നതിനും നിരവലിലുള്ള വരുമാനംകൊണ്ട് സാധിക്കുന്നില്ല. ഇപ്പോള്‍ ആശുപത്രി രണ്ട് ലക്ഷം രൂപ കടത്തിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ഇന്ന് മുതല്‍ 13 വരെ ചാര്‍ജ് വര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സൂപ്രണ്ട് അറിയിച്ചു. മേഖലാ സെക്രട്ടറി സുഭാഷ് പാടി ഉദ്ഘാടനം ചെയ്തു. സുനില്‍കടപ്പുറം, അനില്‍ ചെന്നിക്കര, ഉമേശ്, ബഷീര്‍, ഷിബുലാല്‍, അജിത് സംസാരിച്ചു.
Next Story

RELATED STORIES

Share it