kasaragod local

ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായിട്ട് 10 ദിവസം

കാസര്‍കോട്്: ഏഴ് നിലകളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ച് പത്ത് ദിവസമായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ രോഗികളും ജീവനക്കാരും ദുരിതത്തിലായി. ആശുപത്രി കെട്ടിടത്തിന് റാംപ് ഇല്ലാത്തതിനാല്‍ ഗുരുതര നിലയിലുള്ള രോഗികളെ ശസ്ത്രക്രിയ തിയേറ്ററിലേക്ക് എത്തിക്കാനും ആശുപത്രി വാര്‍ഡില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ താഴെ എത്തിക്കാനും ജീവനക്കാരും ബന്ധുക്കളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കസേരകളില്‍ ഇരുത്തി ചുമന്നാണ് രോഗികളെ ശസ്ത്രക്രിയ തിയേറ്ററുകളിലേക്കും വാര്‍ഡുകളിലേക്കും എത്തിക്കുന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്ട്രചറില്‍ കിടത്തി തോളില്‍വച്ചാണ് താഴെ ഇറക്കുന്നത്. ലിഫ്റ്റ് പണിമുടക്കിയ ശേഷം പത്തോളം രോഗികളാണ് വാര്‍ഡുകളില്‍ മരണപ്പെട്ടത്. ഗര്‍ഭിണികളും വൃദ്ധരും മറ്റു രോഗികളും കോണിപ്പടികള്‍ കയറി മുകളിലേക്കും താഴെത്തേക്കും എത്താന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഹൈദരാബാദിലെ ഒരു കമ്പനിയാണ് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ലിഫ്റ്റ് കേടായ വിവരം അറിയിച്ചിട്ടും കമ്പനി പ്രതിനിധികള്‍ എത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. രോഗികളെ പരിചരിക്കുന്നവരടക്കം നൂറുകണക്കിന് ആളുകളാണ് ലിഫ്റ്റിനെ ആശ്രയിച്ചിരുന്നത്. ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി മറ്റൊരു ചെറിയ ലിഫ്റ്റുണ്ടെങ്കിലും ഇത് പലപ്പോഴും പണിമുടക്കിലാണ്. ആശുപത്രിക്ക് റാംപോടുകൂടിയ കെട്ടിടം പണിയാനായി കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചെങ്കിലും പഴയ കെട്ടിടം പൊളിക്കാന്‍ പോലും ടെന്‍ഡര്‍ നല്‍കാതെയാണ് അധികൃതര്‍ തട്ടിക്കൂട്ടി മുഖ്യമന്ത്രിയെ കൊണ്ട് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇതോടെ എട്ടരകോടി രൂപയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണവും അനിശ്ചിതത്വത്തിലാണ്. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Next Story

RELATED STORIES

Share it