kasaragod local

ജനറല്‍ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം അട്ടിമറിക്കാന്‍ നീക്കം

കാസര്‍കോട്: ജനറല്‍ ആശുപത്രി അടക്കം സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അട്ടിമറിക്കാന്‍ ഡോക്ടര്‍മാരുടെ ശ്രമം. ഇതിനെതിരെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ എന്തുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകൂടാ എന്നായിരുന്നു സുപ്രീംകോടതി ആരാഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ആശുപത്രി അധികൃതരില്‍ നിന്ന് റിപോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ 50 ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരുമെന്ന് കാണിച്ചാണ് ഡോക്ടര്‍മാര്‍ റിപോര്‍ട്ട് നല്‍കിയതെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തേജസിനോട് പറഞ്ഞു.
എന്നാല്‍ എസ്റ്റിമേറ്റ് തുക കൂടിയതിനാല്‍ മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ ജില്ലാ കലക്ടര്‍, എംഎല്‍എ, ഡിഎംഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച സന്ദര്‍ശനം നടത്തി അവിടെയുള്ള സൗകര്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാറിന് ഇതുസംബന്ധിച്ച റിപോര്‍ട്ട് നല്‍കും. ജനറല്‍ ആശുപത്രിയില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം ഏര്‍പ്പെടുത്തിയതിനെ നാനാഭാഗത്ത് നിന്നും സ്വാഗതം ചെയ്തിരുന്നു.
എന്നാല്‍ ചില ഡോക്ടര്‍മാര്‍ ഇതിനെ അട്ടിമറിക്കാനുള്ള ശ്രമവുമായാണ് മുന്നോട്ട് പോകുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാത്രവുമല്ല ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കാനുള്ള നീക്കമാണ് ചിലരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. നിത്യേന 2000ഓളം രോഗികളാണ് ഇവിടെ ചികില്‍സ തേടി എത്തുന്നത്. എന്നാല്‍ രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാനോ മതിയായ ചികില്‍സ നല്‍കാനോ അധികൃതര്‍ തയ്യാറാവുന്നില്ല.
സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് ഇവിടത്തെ ചില ജീവനക്കാരും ഡോക്ടര്‍മാരും സ്വീകരിക്കുന്നതെന്ന് പരാതിയുണ്ട്. ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളില്‍ സേവനം ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ സ്വകാര്യ ലോബിക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. ജനറല്‍ ആശുപത്രിക്ക് റാംപ് ഇല്ലാത്തതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഏഴ് നിലകളുള്ള ആശുപത്രിക്ക് രണ്ട് ലിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഒന്ന് ജീവനക്കാരും ഡോക്ടര്‍മാരും ഉപയോഗിക്കുകയാണ്. വൈദ്യുതി മുടങ്ങിയാല്‍ ലിഫ്റ്റിന്റെ പ്രവര്‍ത്തനവും താളം തെറ്റുന്നു. ഇതുകാരണം രോഗികളെ ചുമന്നുകൊണ്ട് വരേണ്ട അവസ്ഥയുണ്ട്.
ആശുപത്രിയിലെ എക്‌സ്‌റേയുടെ പ്രവര്‍ത്തനവും അവതാളത്തിലാണ്.എക്‌സറേ യൂനിറ്റിലേക്ക് കൊണ്ടുവന്ന ഉപകരണങ്ങള്‍ ഷോറുമില്‍ സൂക്ഷിച്ചിട്ടുണ്ട്. ചികില്‍സ തേടി എത്തുന്ന നിര്‍ധന രോഗികള്‍ എക്‌സ് എടുക്കാന്‍ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ആശുപത്രിക്ക് റാംപിന് പകരം പിറക് വശത്ത് സ്റ്റപ്പ് നിര്‍മിച്ച് ലക്ഷങ്ങള്‍ പാഴാക്കിയതല്ലാതെ ഇതും പ്രയോജനപ്പെടുന്നില്ല.
ആശുപത്രിയില്‍ അഡ്മിറ്റാവുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയ വേണമെങ്കില്‍ ചില ഡോക്ടര്‍ കൈമടക്ക് ആവശ്യപ്പെടുന്നത് പതിവാണ്. കൈമടക്ക് നല്‍കിയില്ലെങ്കില്‍ രോഗികളെ തിരിച്ചയക്കുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അടക്കമുള്ള കാസര്‍കോട് മേഖലയിലെ നിര്‍ധന രോഗികള്‍ക്ക് വേണ്ടിയാണ് കാസര്‍കോട് താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയത്. എന്നാല്‍ വര്‍ഷങ്ങളോളം ഒരേ ആശുപത്രിയില്‍ ജോലിചെയ്യുന്ന ചില ജീവനക്കാരും ഡോക്ടര്‍മാരും ഇതിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വാഹനാപകടങ്ങളിലും മറ്റും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വൈകിട്ട് നാലിന് ശേഷം പോസ്റ്റ് മോര്‍ട്ടം ചെയ്യാത്തതിനാല്‍ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിരവധി തവണ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി നേടിയത്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് അരകോടിയോളം രൂപ ചെലവവഴിക്കണമെന്ന ആശുപത്രി അധികൃതരുടെ വാദം രാത്രികാല പോസ്റ്റ്‌മോര്‍ട്ടം അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it