kasaragod local

ജനറല്‍ ആശുപത്രിക്ക് പുതിയ ഒപി ബ്ലോക്കിന് അനുമതി

കാസര്‍കോട്: സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനറല്‍ ആശുപത്രിക്ക് രണ്ടു കോടി രൂപ ചെലവില്‍ പുതിയ ഒപി ബ്ലോക്ക് നിര്‍മിക്കുന്നു. പഴയ പ്രസവവാര്‍ഡ് കെട്ടിടം പൊളിച്ചാണ് പുതിയ ഒപി ബ്ലോക്ക് നിര്‍മിക്കുന്നത്. ഒരു കോടി രൂപ കെട്ടിടത്തിനും ഒരു കോടി രൂപ അനുബന്ധ ഉപകരണങ്ങള്‍ക്കുമായാണ് നീക്കിവച്ചിട്ടുള്ളത്.
ഒപി ബ്ലോക്കില്‍ അത്യാധുനിക രീതിയിലുള്ള ശൗചാലയങ്ങളും ലഘുഭക്ഷണശാലകളും ഒരുക്കും. ഇവിടെ എത്തുന്ന അംഗപരിമിതരായ രോഗികളടക്കമുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക ജീവനക്കാരെയും നിയമിക്കും. ആധുനിക സൗകര്യമുള്ള ഇരിപ്പിടങ്ങളും അത്യാധുനിക ഉപകരണങ്ങളും ഒരുക്കും. നിലവില്‍ പഴയ കെട്ടിടത്തില്‍ അഞ്ച് ജനറല്‍ ഒപികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ദിനംപ്രതി 1500ഓളം രോഗികളാണ് എത്തുന്നത്. ഒരു ഡോക്ടര്‍ക്ക് ദിവസവും 50 ലധികം രോഗികളെ പരിശോധിക്കേണ്ടിവരുന്നു. അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. പുതിയ കെട്ടിടത്തില്‍ ആറാം നമ്പര്‍ ബ്ലോക്കായാണ് ഒപി പ്രവര്‍ത്തിക്കുക. പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതോടെ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ള നിരവധി പേരാണ് ജനറല്‍ ആശുപത്രിയെ ചികില്‍സയ്ക്കായി ആശ്രയിക്കുന്നത്. ഉത്തര കേരളത്തില്‍ ആധുനിക ചികില്‍സയ്ക്ക് മെച്ചപ്പെട്ട സൗകര്യം കുറവാണ്. രോഗികള്‍ കൂടുതലും കര്‍ണാടകയിലെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടെങ്കിലും കോളജ് നിര്‍മാണം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കി ചികില്‍സ ഉറപ്പുവരുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സംസ്ഥാന ഭവനനിര്‍മാണ വകുപ്പിനാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. ജനറല്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്കിനായി എട്ട് കോടി രൂപ ചെലവില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it