Pathanamthitta local

ജനരോക്ഷം വകവയ്ക്കാതെ വല്യയന്തിയില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാല പ്രവര്‍ത്തനം തുടങ്ങി



പത്തനംതിട്ട: ജനരോക്ഷം വകവയ്ക്കാതെ നഗരസഭാതിര്‍ത്തിയിലെ വല്യയന്തിയില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാല പ്രവര്‍ത്തനം തുടങ്ങി. നഗരസഭയുടെ വിലക്കുകളും പ്രാദേശികമായി ഉയര്‍ന്ന ജനവികാരവും മുഖവിലയ്‌ക്കെടുക്കാതെ പോലിസിന്റെ സഹായത്തോടെ മദ്യം എത്തിച്ച് ഇന്നലെ വില്‍പന തുടങ്ങുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന പാതയോരത്തുനിന്നു മാറ്റപ്പെട്ട മദ്യശാലകളില്‍ ഒന്നുകൂടി സ്ഥലംമാറ്റി പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതിന്റെ ആഹ്ലാദത്തിലാണ് ബന്ധപ്പെട്ട വകുപ്പുകള്‍. എന്നാല്‍ മദ്യവില്‍പനയ്‌ക്കെതിരേ ചെറുത്തുനില്‍പ് തുടരുമെന്നും നിയമപോരാട്ടം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ വില്‍പന അവസാനിപ്പിക്കുമെന്നും ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍. ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും ഇവര്‍ക്കു പിന്തുണയുമായുണ്ട്. മൈലപ്ര ഗ്രാമപ്പഞ്ചായത്തും പത്തനംതിട്ട നഗരസഭയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് വില്‍പനശാല. നഗരസഭയിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട കെട്ടിടം താമസത്തിനുവേണ്ടി നിര്‍മിച്ചതാണെങ്കിലും ഇവിടെ വ്യാപാരശാല തുടങ്ങാന്‍ അനുമതി തേടി ഉടമ നഗരസഭ കാര്യാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ നഗരസഭ തള്ളുകയും ചെയ്തു. വ്യാപാരശാല പ്രവര്‍ത്തിക്കാന്‍ പോലും അനുമതിയില്ലാത്ത കെട്ടിടമാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പറേഷന്‍ വാടകയ്‌ക്കെടുത്തിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട്്് ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ കെട്ടിടം പരിശോധിച്ച് അനുമതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് സഹായത്തോടെ മദ്യക്കുപ്പികള്‍ വില്‍പനയ്‌ക്കെത്തിക്കുകയായിരുന്നു. നാട്ടുകാര്‍ ഒരു ഭാഗത്ത് ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലു മറുവഴിയായി സ്റ്റോക്ക് അകത്തെത്തിച്ചു. ബില്ലടിച്ച് വില്‍പന തുടങ്ങിയതോടെ രേഖാമൂലം വല്യയന്ത്രിയെ വില്‍പനയും തുടങ്ങി. സമരക്കാരില്‍ നല്ലൊരു പങ്കും ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോഴാണ് വില്‍പന തുടങ്ങിയതെന്നു പറയുന്നു. ആരാധാനാലയങ്ങള്‍, എംഎസ്്‌സി എല്‍പി സ്‌കൂള്‍ എന്നിവയ്ക്കു സമീപമാണ് പുതിയ മദ്യവില്‍പനശാല. മദ്യവില്‍പന           ശാലയ്‌ക്കെതിരെ നാട്ടുകാര്‍ ബുധനാഴ്ച ആരംഭിച്ച പ്രക്ഷോഭം തുടരുകയാണ്. ഇന്നലെ ഇതിനു സമീപം പന്തല്‍ കെട്ടി അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, വാര്‍ഡ് കൗണ്‍സിലര്‍ സജി കെ സൈമണ്‍, കൗണ്‍സിലര്‍മാരായ റോഷന്‍ നായര്‍, വല്‍സന്‍ ടികോശി, റോസ്്‌ലിന്‍ സന്തോഷ്, ഷൈനി, സിന്ധു അനില്‍, ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ജോണ്‍ ഫിലിപ്പോസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ സമരത്തിനു പിന്തുണയുമായെത്തി. കുടുംബശ്രീ, അയല്‍ക്കൂട്ടം പ്രവര്‍ത്തകരും വീട്ടമ്മമാരും ഇന്നലെ സമരരംഗത്തുവന്നു.
Next Story

RELATED STORIES

Share it