kannur local

ജനരക്ഷ യാത്ര; മേഖലയില്‍ ജനജീവിതം താറുമാറാവും



തലശ്ശേരി: എല്ലാവര്‍ക്കും ജീവിക്കണം എന്ന പ്രമേയത്തില്‍ ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്ര ഇന്ന് തലശ്ശേരിയിലെത്തും.യാത്രയുടെ മൂന്നാംദിനമായ ഇന്നു രാവിലെ 10നു മമ്പറത്ത് നിന്നാരംഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി വഴി തലശ്ശേരിയില്‍ സമാപിക്കും. യാത്രയോടനുബന്ധിച്ച് തലശ്ശേരി മേഖലയില്‍ യുദ്ധസമാന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായതിനാല്‍ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലശ്ശേരിയില്‍ ഇന്ന് വൈകീട്ട് 3 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് എസ്‌ഐ വി വി ശ്രീജേഷ് അറിയിച്ചു. കണ്ണൂര്‍ ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് പോവുന്ന ബസുകള്‍ ഒഴികെയുള്ള മുഴുവന്‍ വാഹനങ്ങളും 3 മണിക്കു ശേഷം ചാല ബൈപാസ് ജങ്ഷനില്‍ നിന്നു പെരളശ്ശേരി, മമ്പറം, കൂത്തുപറമ്പ്, പൂക്കോട്, പാനൂര്‍ വഴി പോവേണ്ടതാണ്. കോഴിക്കോട് ഭാഗത്തുനിന്നു കണ്ണൂരേക്ക് പോവുന്ന ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളി, പാനൂര്‍, കൂത്തുപറമ്പ് റോഡ് വഴി കടന്നുപോവണം. കണ്ണൂര്‍ ഭാഗത്തുനിന്നു വരുന്ന ബസ്സുകള്‍ വീനസ് ജങ്ഷനില്‍ നിന്നു വഴിതിരിഞ്ഞ് സംഗമം ജങ്ഷനിലൂടെ ഓവര്‍ബ്രിഡ്ജ് വഴി ടൗണ്‍ഹാള്‍, ടൗണ്‍ബാങ്ക് ഓഡിറ്റോറിയം, മഞ്ഞോടി, ടെംപിള്‍ ഗേറ്റ്, ചക്യത്ത്മുക്ക് വഴി ദേശീയപാതയിലൂടെ കടന്നുപോവണം. കോഴിക്കോട് ഭാഗത്തു നിന്നു കണ്ണൂരിലേക്ക് പോവേണ്ട ബസുകള്‍ ദേശീയപാതയില്‍ മട്ടാമ്പ്രത്തനിന്നു വഴിതിരിഞ്ഞ് ഡൗണ്‍ടൗണ്‍ മാള്‍, എവികെ നായര്‍ റോഡ് വഴി മേലൂട്ട്, ഓവര്‍ബ്രിഡ്ജിലൂടെ ടൗണ്‍ഹാള്‍ റോഡിലേക്ക് പ്രവേശിക്കുകയും പിന്നീട് എരഞ്ഞോളി പാലം കടന്ന് കൊളശ്ശേരി, ഇല്ലിക്കുന്ന്, കൊടുവള്ളി വഴി ദേശീയപാതയിലെത്തി കടന്നുപോവണം. അത്യാവശ്യ കാര്യത്തിനൊഴികെയുള്ള വാഹനങ്ങള്‍ തലശ്ശേരി ടൗണിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ട്രാഫിക് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്നലെ യാത്ര കീച്ചേരിയില്‍ നിന്നു തുടങ്ങി പുതിയതെരു വഴി കണ്ണൂരില്‍ സമാപിച്ചു. പദയാത്രയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ശിവപ്രതാപ് ശുക്ല, അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി ന്യൂഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, ജാഥാ ക്യാപ്റ്റന്‍ കുമ്മനം രാജശേഖരന്‍ സംബന്ധിച്ചു. കണ്ണൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ യോഗി ആദിത്യനാഥ് സംസാരിച്ചു. കേരളം ബിജെപിയുടെ കൈകളില്‍ എത്തുന്ന കാലം വിദൂരമല്ലെന്നും കൊലക്കത്തി രാഷ്ട്രീയത്തിനു സിപിഎം മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it