ജനരക്ഷ, നവകേരള, കേരളയാത്ര...രാഷ്ട്രീയ പ്രചാരണ യാത്രകള്‍; റോഡുകളില്‍ ഫ്‌ളക്‌സ് വിപ്ലവം

കോഴിക്കോട്: ജനരക്ഷ, നവകേരള, കേരളയാത്ര ഇങ്ങനെ ഓരോ രാഷ്ട്രീയപാര്‍ട്ടിയും കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നതിന്റെ ആളാരവങ്ങളിലാണ് സംസ്ഥാന പാതകള്‍. എല്ലാവരുടെയും ലക്ഷ്യം ബോധവല്‍ക്കരണമാണ്. യാത്ര ചെയ്യുന്നതില്‍ ജനത്തിന് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍, ഈ യാത്രകളുടെ പ്രചാരണ ശൈലിയിലാണു പ്രശ്‌നം. യാത്രക്കാരുടെയെല്ലാം പടുകൂറ്റന്‍ ഫഌക്‌സുകള്‍ കൊണ്ട് സംസ്ഥാനത്തിന്റെ മുക്കും മൂലയും നിറയുകയാണ്.
കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ ആയിരക്കണക്കിന് ഫഌക്‌സ് ബോര്‍ഡുകളാണ് പാതയോരങ്ങളില്‍ നിറഞ്ഞിട്ടുള്ളത്. ഇതിന് ഭരണ- പ്രതിപക്ഷ വ്യത്യാസമൊന്നുമില്ല. പ്രകൃതിയുടെ സുരക്ഷയെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കുന്ന 'രാഷ്ട്രതന്ത്രജ്ഞര്‍' പ്ലാസ്റ്റിക്, ഫഌക്‌സ്, ഇതര ജൈവ മാലിന്യ ഉല്‍പാദക വസ്തുക്ക ള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്.
ഇത്തരം മാലിന്യം സൃഷ്ടിക്കുന്നവരെ ഭരണത്തിലേറ്റാതിരിക്കാന്‍ പ്രബുദ്ധരായ കേരളീയര്‍ തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ഭക്ഷ്യസുരക്ഷയെയും ജൈവകൃഷിയെയും ശുചിത്വ കേരള സങ്കല്‍പ്പത്തെയും തകര്‍ത്തുകൊണ്ടാണ് ഈ രക്ഷായാത്രകള്‍ കൊഴുപ്പിക്കുന്നത്. ഇതില്‍ ഗ്രാമങ്ങളും നഗരങ്ങളും ഉള്‍പ്പെടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാനത്തു കുന്നുകൂടിയത് ഏകദേശം 6000 ടണ്‍ പ്ലാസ്റ്റിക്, ഫഌക്‌സ് തുടങ്ങിയ അജൈവ മാലിന്യങ്ങളായിരുന്നുവെന്നാണ് കണക്ക്. ഇനി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും വരുകയാണ്. പത്തോളം രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ കേരളയാത്രകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നഗര പ്രദേശങ്ങളില്‍ ഫഌക്‌സ് സ്ഥാപിക്കുന്നതിന് കലക്ടര്‍ വരുത്തിയ നിയന്ത്രണത്തിനും പുല്ലുവിലയാണു നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it